പ്രചാരണം പൊടിപൊടിച്ച് മുന്നണികൾ ഇരുട്ടിൽത്തപ്പി അണ്ണാ ഡി.എം.കെ

Monday 25 March 2024 12:36 AM IST

ചെന്നൈ: ഡി.എം.കെയും ബി.ജെ.പിയും അണികളെ ആവേശത്തിലാഴ്ത്തി പ്രചാരണ പരിപാടികളുമായി മുന്നേറുകയാണ്. എന്നാൽ അണ്ണാ ഡി.എം.കെ ക്യാമ്പുകൾ ഇനിയും ഉണർന്നിട്ടില്ല. ഡി.എം.കെയ്ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും പ്രധാന എതിരാളികളായ അണ്ണാ ഡി.എം.കെയുടെ പതുങ്ങൽ ആരെ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

എൻ.ഡി.എ സഖ്യത്തിലാണ് അണ്ണാ ഡി.എം.കെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മുന്നണിക്ക് 75 സീറ്റുകൾ ലഭിച്ചത് വലിയ നേട്ടമായിട്ടാണ് അന്ന് വിലയിരുത്തപ്പെട്ടത്. എന്നാൽ അതിനു ശേഷം ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ശക്തനായ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെ പുറത്താക്കി. ഇതിലൂടെയെല്ലാം പാർട്ടിയുടെ നില മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിച്ച് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി മുന്നോട്ടു പോകുന്നതിനിടെയാണ് സഖ്യകക്ഷികളായ പാട്ടാളി മക്കൾ കക്ഷിയ്ക്കൊപ്പം (പി.എം.കെ) ജി.കെ.വാസന്റെ തമിഴ് മാനില കോൺഗ്രസും (ടി.എം.സി) എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായത്. ഈ സ്ഥിതി തുടർന്നാൽ എൻ.ഡി.എക്കും പിന്നിലാകും അണ്ണാ ഡി.എം.കെയുടെ സ്ഥാനം എന്നാണ് വിലയിരുത്തുന്നത്.

ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്

2026ലെ നിയമസഭ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന അധികാരം പിടിക്കുകയാണ് അണ്ണാ ഡി.എം.കെയുടെ ലക്ഷ്യം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഡി.എം.കെ സർക്കാരിന്റെ ഭരണ വിരുദ്ധത ഉയർത്തിക്കാട്ടി, ബി.ജെ.പി വിരുദ്ധ നിലപാടിൽ തങ്ങൾ ഉറച്ചു നിൽക്കുകയാണെന്ന വികാരമുണ്ടാക്കും. ഇതിലൂടെ കൂടുതൽ സഖ്യകക്ഷികളെ എത്തിച്ച് പൊതുജനവികാരം അനുകൂലമാക്കാനാണ് അണ്ണാ ഡി.എം.കെയുടെ പദ്ധതി.

നിലവിൽ വിജയകാന്തിന്റെ ഡി.എം.ഡി.കെയല്ലാതെ സഖ്യത്തിൽ പ്രമുഖ പാർട്ടികളൊന്നുമില്ല. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ ആണ് സഖ്യത്തിൽ ചേർന്ന ഏക മുസ്ലിം സംഘടന. ഇത് നേട്ടത്തിലേറെ കോട്ടമുണ്ടാക്കുമെന്ന വാദവും പാർട്ടിക്കുള്ളിലുണ്ട്.

'' തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയാലേ പാർട്ടി വളരൂ. അണ്ണാ ഡി.എം.കെ എപ്പോഴും സഖ്യകക്ഷികളെ ആശ്രയിക്കാറില്ല. പുതിയ പാർട്ടികൾക്ക് സഖ്യത്തിലേക്ക് സ്വാഗതം. വന്നില്ലെങ്കിൽ വിഷമമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ വിജയിച്ചാലേ തമിഴ്നാടിനെ രക്ഷിക്കാനാകൂ. ബി.ജെ.പിയുമായി കൂട്ടുകൂടാത്ത പാർട്ടികളൊന്നും തമിഴ്നാട്ടിലില്ല.''- എടപ്പാടി പളനിസാമി, ജനറൽ സെക്രട്ടറി, അണ്ണാ ഡി.എം.കെ

Advertisement
Advertisement