ഒഴുകുന്ന രഹസ്യങ്ങൾ !

Monday 25 March 2024 7:06 AM IST

ലണ്ടൻ: രഹസ്യങ്ങളുടെ ഒരു ഭീമൻ കലവറയാണ് സമുദ്രങ്ങൾ. ഭൂമിയിലെ മഹാസമുദ്രങ്ങളിലെ 80 ശതമാനത്തിലേറെ ഭാഗം ഇനിയും പര്യവേഷണം കാത്തുകിടക്കുകയാണെന്നാണ് പഠനങ്ങൾ. കടലിന്റെ അഗാതമായ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ ഒരുപക്ഷേ, കണ്ടെത്താൻ പോകുന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമാകാം.

മാനവരാശിയെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കണ്ടെത്തലുകൾ സമുദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതേ സമയം, വിചിത്രമായ ചില കാര്യങ്ങളും കടലിൽ കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ മുതൽ ശ്മശാനങ്ങൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു.

 ഭീമൻ നേത്രഗോളം

2012ൽ ഫ്ലോറിഡ തീരത്ത് ഒരു ഭീമൻ നേത്രഗോളം വന്നടിയുകയുണ്ടായി. ആദ്യമൊക്കെ ഈ നേത്രഗോളം ഏത് ജീവിയുടേതാണെന്ന് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും സിദ്ധാന്തങ്ങളും പ്രചരിച്ചിരുന്നു. ഒടുവിൽ ഗവേഷകർ തന്നെ അതിന്റെ ഉത്തരം കണ്ടെത്തി. ഒരു സ്വോർഡ് ഫിഷിന്റേതാണ് ഈ നേത്രഗോളമെന്ന് ഗവേഷകർ പറഞ്ഞു. ഒരു സോഫ്റ്റ്ബോളിനോളം വലിപ്പമുണ്ടായിരുന്നു ആ നേത്രഗോളത്തിന്.

 ശ്മശാനം

വെള്ളത്തിനടിയിലെ ശ്മശാനത്തെ പറ്റി കേട്ടിട്ടുണ്ടോ. ലോകത്ത് വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയാണ് ഫ്ലോറിഡ് തീരത്തിന് സമീപം സമുദ്രത്തിന്റെ ഇടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നെപ്ട്യൂൺ മെമ്മോറിയൽ റീഫ്. സിമന്റ് തൂണുകളും സിംഹപ്രതിമകളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. അതേ സമയം,​ മരിച്ച വ്യക്തിയുടെ മൃതദേഹം ഇവിടെ സംസ്കരിക്കുന്നില്ല. പകരം, ചിതാഭസ്മം സിമന്റുമായി കലർത്തി 16 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ മനുഷ്യനിർമ്മിത ശ്മശാനത്തിൽ സ്ഥാപിക്കാം. ഇത്തരത്തിൽ നിർമ്മിച്ച സ്റ്റാർ ഫിഷ്, സിംഹം തുടങ്ങിയ വിവിധ പ്രതിമകളെയാണ് ഇവിടെ കാണാനാവുക. മരിച്ചയാളുടെ പേര് കൊത്തിവച്ച സ്മാരക ശിലകളും ഇവിടെ സ്ഥാപിക്കാം.

 അജ്ഞാത കപ്പൽ

ഗൾഫ് ഒഫ് മെക്സിക്കോയിൽ 2019ൽ ഏകദേശം 200 വർഷം പഴക്കമുള്ള ഒരു കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. കപ്പലിന്റെ വശത്ത് ' 2109 " എന്ന സംഖ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കപ്പൽ എവിടെ നിന്ന് വന്നെന്നോ എന്ത് സംഭവിച്ചെന്നോ അതിൽ സഞ്ചരിച്ചവർ ആരാണെന്നോ അവർക്ക് എന്ത് സംഭവിച്ചെന്നോ ആർക്കും അറിയില്ല. സമുദ്രോപരിതലത്തിൽ നിന്ന് 1,​460 അടി താഴെയാണ് ഈ കപ്പൽ അവശിഷ്ടമുള്ളത്.

 കപ്പലുകളുടെ പ്രേതഭൂമി

ലോകത്ത് തകർന്നതും ഉപയോഗശൂന്യവുമായ കപ്പലുകളുടെ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് എവിടെയാണെന്നറിയാമോ? മൗറിറ്റാനിയയിലെ നൗവദിബൗ ഉൾക്കടലിലാണത്. കരയിലും വെള്ളത്തിനടയിലുമായി ഏകദേശം 300 ലേറെ കപ്പലുകളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാനാകും.

Advertisement
Advertisement