ഇനിയും പേര് നൽകിയില്ലേ?​ എങ്കിൽ വേഗമാകട്ടെ,​ ആ സുവർണ അവസരം ലഭിക്കാൻ ഇന്നാണ് അവസാന ചാൻസ്

Monday 25 March 2024 7:40 AM IST

ലോ‌ക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇന്ന് കൂടി പേര് ചേർക്കാൻ അവസരം. 18 വയസ് തികഞ്ഞവർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ നൽകിയിരിക്കുന്ന https://voters.eci.gov.in/ എന്ന ലിങ്കിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്ത് വേണം തുടർനടപടികൾ ചെയ്യാൻ.

അപേക്ഷകർക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എൻട്രികൾ പൂരിപ്പിക്കാൻ കഴിയും. ന്യൂ രജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ് എന്ന ഒപ്ഷൻ തുറന്ന് (പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ മെയിൽ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി പാസ്‌പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാൻ.

ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യണം. അധികൃതർ പരിശോധനക്ക് വിധേയമാക്കിയ ശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തി നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയക്കും.