പാർട്ടിയുമായി ഇടഞ്ഞു; സിപിഐ മണ്ഡലം സെക്രട്ടറി അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിലേയ്ക്ക്
പത്തനംതിട്ട: സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്‌ദുൾ ഷുക്കൂർ കോൺഗ്രസിലേയ്ക്ക്. സിപിഐ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് ജില്ലാ കൗൺസിൽ അംഗം കൂടിയായ ഷുക്കൂർ രാജിവച്ചത്. ഷുക്കൂറിന് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നു.
സിപിഐ വിട്ട ഷുക്കൂർ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. എന്നാൽ ജില്ലാനേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറവമ്പിൽ ആയിരിക്കും അദ്ദേഹത്തെ പാർട്ടിയിലേയ്ക്ക് സ്വീകരിക്കുക. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും പതിനാല് വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഷുക്കൂർ പ്രവർത്തിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളുടെ ചുമതലയായിരുന്നു ഷുക്കൂറിന് നൽകിയിരുന്നത്. പാർട്ടിയുമായി പിണങ്ങിയ ഷുക്കൂർ കുറച്ച് ദിവസമായി അവധിയിലായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിലുണ്ടായ തർക്കമാണ് പാർട്ടിയുമായി ഇടയാൻ കാരണമായത്.
സംഘടനയുമായുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്ന് അബ്‌ദുൾ ഷുക്കൂർ പറഞ്ഞു. 'പ്രവർത്തിക്കാൻ മികച്ചത് കോൺഗ്രസാണ്. നേതാക്കൾ അടക്കം കൂടുതൽ പ്രവർത്തകർ കോൺഗ്രസിലേയ്ക്ക് വരും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വലിയ വിജയം നേടും'- ഷുക്കൂർ വ്യക്തമാക്കി.