നാണം കെട്ട 'ജാതിനൃത്തം'

Tuesday 26 March 2024 12:45 AM IST

കാലം എത്രയോ പുരോഗമിച്ചിട്ടും ശരീരത്തിന്റെ നിറവും ജാതിയും പറഞ്ഞ് പൊതുസമൂഹത്തിനു മുന്നിൽ അധിക്ഷേപിക്കുന്ന നീചമായ പ്രവൃത്തി ഇപ്പോഴും തുടരുന്നുവെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണനുണ്ടായ അനുഭവം. കറുത്ത നിറമുളളവർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനെ ആക്ഷേപിച്ചും,​ പരിഹസിച്ചും, അധിക്ഷേപിച്ചും നർത്തകി കലാമണ്ഡലം സത്യഭാമ യുട്യൂബ് ചാനലിൽ പറഞ്ഞത് കേരളത്തിന് പെട്ടെന്ന് മറക്കാനാവില്ല. അത്രമാത്രം അധമമായ വാക്കുകളായിരുന്നു അത്.

പേര്, ജാതി എന്നിവയെക്കുറിച്ച് സൂചനകളില്ലെന്ന് അവർ ആവർത്തിക്കുന്നുണ്ടെങ്കിലും ജാതിയെയാണ് അവർ അധിക്ഷേപിച്ചതെന്ന് വ്യക്തം. ചാലക്കുടിക്കാരൻ എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് തന്നെയാണെന്ന് രാമകൃഷ്ണനും വ്യക്തമാക്കുന്നു. അധിക്ഷേപത്തിൽ അവർ ഉറച്ചു നിൽക്കുന്നുവെന്നതും വിചിത്രം. അറിയാതെ പറ്റിപ്പോയ നാക്കുപിഴയല്ല. കരുതിക്കൂട്ടി പറഞ്ഞതു തന്നെ. അങ്ങനെ പറഞ്ഞതിൽ അവർക്ക് ഒട്ടും ഖേദമില്ലെന്നാണ് പറയുന്നത്. കാക്കയുടെ നിറമുള്ളയാളെന്നും കണ്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നുമെല്ലാം ഒരു കലാകാരനെക്കുറിച്ച് മറ്റൊരു കലാകാരി പറയുന്നത് എത്രയോ താഴ്ന്ന നിലവാരമുള്ള മനോഭാവത്തിൽ നിന്നാണെന്ന് തിരിച്ചറിയണം. ഇത് ജാതീയമായ അധിക്ഷേപം തന്നെയാണെന്ന് ആർക്കും മനസിലാകും.

ആണായാലും പെണ്ണായാലും മോഹിനിയാട്ടം കളിക്കുന്നവർക്ക് വെളുത്ത നിറവും ശരീര സൗന്ദര്യവും ഉണ്ടാകണമെന്നാണ് സത്യഭാമ പറയുന്നത്. സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അവർക്കെതിരെ പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യവും ഉയർന്നുവരുന്നുണ്ട്. പൊതുസമൂഹത്തിന്റെ പിന്തുണയോടെയാണ് താൻ നിയമ നടപടിക്ക് ഒരുങ്ങുന്നതെന്ന് രാമകൃഷ്ണനും വ്യക്തമാക്കുന്നുണ്ട്.

പ്രതിക്ഷേതവുമായി

മന്ത്രിമാർ

ജാത്യാധിക്ഷേപം നേരിട്ട ആർ.എൽ.വി. രാമകൃഷ്ണന്റെ ഒപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി ഡോ. ആർ.ബിന്ദു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 'ഞങ്ങൾ ഇങ്ങിനെ ചേർത്തു പിടിക്കും. പഴകി ജീർണ്ണിച്ച ഫ്യൂഡൽ മേലാള മനോഭാവത്തിന്റെയും ജാതിബോധത്തിന്റെയും വർണ്ണവിവേചനത്തിന്റേയും അഴുകിയ അവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്നവർക്ക് കാലം മറുപടി കൊടുക്കുക തന്നെ ചെയ്യും. പ്രിയപ്പെട്ട അനിയാ, മുന്നോട്ട്.' മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആർ.എൽ.വി രാമകൃഷ്ണനെതിരെ ജാതീയ വിവേചനത്തിന്റെയും വംശവർണ്ണ വെറിയുടെയും ജീർണ്ണാവശിഷ്ടം പേറുന്ന ഒരു വനിത ഉയർത്തിയ നിന്ദാവചനം പ്രതിഷേധാർഹമാണ്. മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ് രാമകൃഷ്ണൻ. കലാരൂപങ്ങൾ ജാതിമത ലിംഗദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിത ഇടങ്ങളിൽ ഒതുക്കപ്പെടരുത്. മോഹിനിയാട്ടത്തിൽ ആർ.എൽ.വിയിൽ നിന്നാരംഭിച്ച് ഡിപ്ലോമയും പി.ജി ഡിപ്ലോമയും കഴിഞ്ഞ് എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കിൽ പാസായി കലാമണ്ഡലത്തിൽ നിന്ന് എം.ഫിൽ, പി.എച്ച്.ഡി ബിരുദം നേടി, പെർഫോമിംഗ് ആർട്‌സിൽ നെറ്റ് നേടി, മോഹിനിയാട്ടത്തിന്റെ വഴികളിൽ എഴുതിച്ചേർത്തത് പുതു ചരിത്രമാണ്.

മറ്റാരേക്കാളും തലപ്പൊക്കം അവകാശപ്പെടാൻ കഴിയുക രാമകൃഷ്ണനാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആർ.എൽ.വി.രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണനും വ്യക്തമാക്കി. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം രാമകൃഷ്ണനെതിരായ പരാമർശം മാത്രമായി കാണാനാകില്ല. പഴയ മനസുമായിട്ടാണ് പലരും പ്രവർത്തിക്കുന്നത്. പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ലത്. എല്ലാവരെയും തുല്യരായി കാണാനുള്ള മനസുണ്ടെന്നതാണ് കേരളത്തെ സംബന്ധിച്ച് ഏറ്റവും അഭിമാനത്തോടെ പറയാവുന്ന ഒരു കാര്യം. എല്ലാവരോടും തുല്യത കാണിക്കുന്ന മണ്ണാണ് കേരളമെന്നും മന്ത്രി അടിവരയിട്ട് പറഞ്ഞു.

അവഗണകൾ

നിരവധി

ജാതീയമായ വിവേചനങ്ങളിൽ വീഴാതെ ആത്മാർപ്പണവും അശ്രാന്തപരിശ്രമവും കൊണ്ട് ഉയർന്നുവന്ന കലാകാരനാണ് ആർ.എൽ.വി. രാമകൃഷ്ണൻ. അദ്ദേഹത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന് പകരം ഇത്തരമൊരു അധിക്ഷേപം എത്രയോ നീചമാണ്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് രാമകൃഷ്ണൻ. മണിയെപ്പോലെ രാമകൃഷ്ണനും അനുഭവിച്ച അവഗണനകൾ നിരവധിയുണ്ട്.

സത്യഭാമ കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കേ, ആർ.എൽ.വി രാമകൃഷ്ണൻ അവിടെ പി.എച്ച്.ഡി ചെയ്യാൻ സമർപ്പിച്ച അപേക്ഷ നിരസിച്ചിരുന്നു. ഇതിനെതിരെ രാമകൃഷ്ണൻ പട്ടികജാതി കമ്മിഷനെ സമീപിച്ചു. അന്വേഷണത്തെ തുടർന്ന് പുറത്താക്കപ്പെടുമെന്ന് ഉറപ്പായതോടെ സത്യഭാമ ഭരണസമിതിയിൽ നിന്നു രാജിവച്ചു. തൊട്ടുപിന്നാലെ അവരെ കലാമണ്ഡലത്തിൽ നിന്നു പുറത്താക്കുകയും ചെയ്തു. സത്യഭാമയുടെ അഭിപ്രായ പ്രകടനത്തിന് പിന്നിൽ ഈ സംഭവത്തിന്റെ പകയുമുണ്ടെന്ന സംശയവും ഉയർന്നിരുന്നു.

വിവാദങ്ങൾക്കിടെ, കുടുംബ ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ സുരേഷ് ഗോപിയുടെ ക്ഷണം ലഭിച്ചെങ്കിലും രാമകൃഷ്ണൻ അസൗകര്യം അറിയിച്ചു. 28ന് നൃത്തം അവതരിപ്പിക്കാൻ ഫോണിലൂടെയാണ് ക്ഷണിച്ചത്. അന്ന് കാലടി യൂണിവേഴ്‌സിറ്റി കോളേജിൽ ഭരതനാട്യം എം.എ പരീക്ഷ എഴുതാനുള്ളതുകൊണ്ടാണ് മാറിനിൽക്കാനാവാത്തതെന്ന് രാമകൃഷ്ണൻ പറയുന്നു.

കറുത്ത നിറമുള്ളവർ മോഹിനിയാട്ടം അടക്കമുള്ള കലകൾ അഭ്യസിക്കരുതെന്ന ഒരു അപ്രഖ്യാപിത നിയമം ഈ സംഭവത്തിന്റെ ബാക്കി പത്രമായി ശേഷിക്കരുതെന്ന് രാമകൃഷ്ണൻ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് സംഘടനകളും വ്യക്തികളും രാമകൃഷ്ണന് ഊർജ്ജം പകരുന്നുണ്ട്. പക്ഷേ വിവാദമുണ്ടാകുമ്പോൾ മാത്രം തേടിയെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ നിലപാട് മനസിനെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ജ്യേഷ്ഠൻ കലാഭവൻ മണി മരിച്ചതിനു ശേഷമുണ്ടായ പ്രതിസന്ധികളിൽ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും സഹായിക്കാനുണ്ടായില്ല. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളെ വ്യക്തമായ കാഴ്ചപ്പാടോടെയാണ് നോക്കിക്കാണുന്നതെന്നും രാമകൃഷ്ണൻ വിശദീകരിക്കുന്നുണ്ട്. ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് വലിയ സംവാദങ്ങൾക്കും ചർച്ചകൾക്കുമാണ് ഈ വിഷയം വഴിയൊരുക്കിയത്.

Advertisement
Advertisement