നടി സുരഭി സന്തോഷ് വിവാഹിതയായി, വരൻ ബോളിവുഡ് ഗായകൻ,​ ചിത്രങ്ങൾ പങ്കുവച്ച് താരം

Monday 25 March 2024 8:06 PM IST

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകനും മലയാളിയുമായ പ്രണവ് ചന്ദ്രനാണ് വരൻ. മുംബയിൽ ജനിച്ചുവളർന്ന പ്രണവ് പയ്യന്നൂർ സ്വദേശിയാണ്. കോവളത്ത് വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രം സുരഭി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് പ്രണവിന്റെയും സുരഭിയുടെയും വിവാഹ നിശ്ചയം നടന്നത്.

കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പയിലൂടെയാണ് സുരഭി സന്തോഷ് ശ്രദ്ധ നേടുന്നത്. മലയാള ചിത്രം നിവേദ്യത്തിന്റെ കന്നഡ റീമേക്കിലാണ് ആദ്യമായി അഭിനയിച്ചത്. എന്നാൽ സംവിധായകന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം ചിത്രം പൂർത്തിയാക്കാനായില്ല. 2011ൽ എസ്. നാരായണൻ സംവിധാനം ചെയ്ത ദുഷ്ട എന്ന കന്നഡ ചിത്രത്തിൽ നായികയായി അഭിനയിച്ചു. തുടർന്ന് സെക്കൻഡ് ഹാഫ് എന്ന ചിത്രത്തിലും വേഷമിട്ടു,​ ഇതിന് ശേഷമാണ് കിനാവള്ളി,​ കുട്ടനാടൻ മാർപ്പാപ്പ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് എത്തിയത്. പത്മയാണ് സുരഭി ഒടുവിൽ അഭിനയിച്ച് റിലീസ് ചെയ്ത മലയാള ചിത്രം. ധ്യാൻ ശ്രീനിവാസനും സണ്ണി വെയിനിനും ഒപ്പം അഭിനയിച്ച ത്രയമാണ് സുരഭിയുടെ ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രം. മലയാളത്തിന് പുറമേ തമിഴ്,​ കന്നഡ സിനിമകളിലും സുരഭി അഭിനയിക്കുന്നുണ്ട്.