ആളാകാന്‍ നോക്കി പാകിസ്ഥാന്‍, വലിച്ച് കീറി ഭിത്തിയിലൊട്ടിച്ച് ഇന്ത്യ; സംഭവം ഇങ്ങനെ

Monday 25 March 2024 8:28 PM IST

ജനീവ: ജമ്മു കാശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനവും നുഴഞ്ഞുകയറ്റവും നടത്തുന്ന പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ഇന്റര്‍-പാര്‍ലമെന്ററി യൂണിയനിലാണ് സംഭവം. ഭീകരവാദ ഫാക്ടറികള്‍ നടത്തുന്ന പാകിസ്ഥാന്‍ ഇന്ത്യയെ മനുഷ്യാവകാശം പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഐപിയുവിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ് അഭിപ്രായപ്പെട്ടത്.

ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന പാകിസ്ഥാന് മനുഷ്യാവകാശങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ യോഗ്യതയില്ലെന്നും ഇന്ത്യ പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗവും അവിഭാജ്യഘടകവുമാണെന്ന് ഹരിവംശ് നാരായണ്‍ സിംഗ് പറഞ്ഞു.

'എന്റെ രാജ്യത്തിനെതിരെ പാകിസ്ഥാന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നിരസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, ഇന്ത്യന്‍ ജനാധിപത്യത്തെ മാതൃകയായി പലരും കണക്കാക്കുന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ പരിതാപകരമായ ചരിത്രമുള്ള ഒരു രാജ്യത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാകുകയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം അസംബന്ധ ആരോപണങ്ങളും തെറ്റായ വിവരണങ്ങളും കൊണ്ട് ഐപിയു പോലുള്ള ഒരു പ്ലാറ്റ്ഫോമിന്റെ പ്രാധാന്യം പാകിസ്ഥാന്‍ നശിപ്പിക്കാതിരുന്നാല്‍ നന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്ന് പരിഹാസ്യമായി അവകാശപ്പെടുമ്പോള്‍ ജമ്മു കാശ്മീരില്‍ അതിര്‍ത്തി കടന്നുള്ള എണ്ണമറ്റ ഭീകരാക്രമണങ്ങള്‍ തുടരുന്ന ഭീകര ഫാക്ടറികള്‍' നിര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജമ്മു കശ്മീരിനെയും ലഡാക്കിനെയും കുറിച്ച് പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരായി ഇന്ത്യ മറുപടി നല്‍കി.

ആഗോള ഭീകരതയുടെ മുഖം, ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ നിന്ന് കണ്ടെത്തിയതാണ് എന്നും ഹരിവംശ്് സിംഗ് ഓര്‍മ്മിപ്പിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ഏറ്റവും കൂടുതല്‍ ഭീകരര്‍ക്ക് ആതിഥേയത്വം നല്‍കിയ രാജ്യമെന്ന നികൃഷ്ടമായ റെക്കോര്‍ഡാണ് പാകിസ്ഥാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.