പ്രചാരണ ബോർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കൊപ്പം തൃപ്രയാർ തേവരുടെ ചിത്രം, വി എസ് സുനിൽകുമാറിനെതിരെ വീണ്ടും പരാതി
തൃശൂർ: തൃശൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് വീണ്ടും പരാതി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.പിയുമായ ടി.എൻ.പ്രതാപനാണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത് .
തൃപ്രയാർ ക്ഷേത്രത്തിന്റെയും തൃപ്രയാർ തേവരുടെയും ചിത്രമുള്ള ഫ്ളെക്സ് ബോർഡ് നാട്ടിക നിയോജക മണ്ഡലത്തിലെ ചാഴൂർ ചിറയ്ക്കലിൽ സ്ഥാപിച്ചതിനെതിരെയാണ് പരാതി. മത സ്ഥാപനങ്ങളുടെയും ചിഹ്നങ്ങളുടെയും ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജില്ല
തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്കും പരാതി നൽകിയിട്ടുണ്ട്.
മതത്തിന്‍റെയോ ദൈവത്തിന്‍റെയോ ജാതിയുടെയോ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാം.
നേരത്തെ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് സുനിൽകുമാറിനെ വെട്ടിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാൻഡ് അംബാസഡറായ തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തമാക്കിയതോടെ സുനിൽകുമാർ ഫോട്ടോ പിൻവലിച്ചിരുന്നു. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് തൃശൂർ സബ് കളക്ടർ സി.പി.ഐയ്ക്ക് താക്കീത് നൽകിയിരുന്നു.