'സിനിമയിൽ കാണിക്കുന്ന തലയോട്ടി ഗുണ കേവ്‌സിൽ നിന്ന് ലഭിച്ചതാണ്, കമൽ സാറിനും ഒരു കുരങ്ങന്റെ തലയോട്ടി കിട്ടിയിരുന്നു'; മഞ്ഞുമ്മൽ ബോയ്‌സ് അനുഭവം തുറന്നുപറഞ്ഞ് ചിദംബരം

Tuesday 26 March 2024 9:03 PM IST

റീമേക്കുകളോടും പുനർവ്യാഖ്യാനങ്ങളോടും തുറന്ന മനസ്സാണ് തനിക്കുള്ളതെന്ന് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം. സൗഹൃദം സാർവത്രികമായ കാര്യമാണ്, ലോകത്തെല്ലായിടത്തും ഇതുപോലെ ഓരോ കാര്യങ്ങൾ ഒപ്പിക്കുകയും, രക്ഷപ്പെടുകയും ചെയ്യുന്ന കുട്ടികളുണ്ട്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ് മഞ്ഞുമ്മൽ ബോയ്സിന്റേത്. അത് തികച്ചും സാങ്കൽപ്പികമായിരുണെങ്കിൽ, ഇപ്പോൾ ലഭിക്കുന്ന അത്രയും സ്വീകാര്യത ചിത്രത്തിന് ലഭിക്കുമായിരുന്നോവെന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎംഡിബി ഒറിജിനൽ സീരീസായ 'ഓൺ ദി സീനിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ഉയർന്ന സ്ഥലത്തായിരുന്നു ഷൂട്ട്. നല്ല തണുപ്പും. രാവിലെ അഞ്ച് മുതൽ ഒൻപത് വരെയാണ് ഷൂട്ടിംഗിനായി നമുക്ക് അനുവദിച്ചിരുന്ന സമയം. അതിരാവിലെ എഴുന്നേറ്റ് ടീം അംഗങ്ങൾ ഉപകരണങ്ങളുമായി ഗുഹകളിലേക്ക് എത്തും. വളരെ അപകടകരമായ സ്ഥലമാണ്. അവിടെയും ഇവിടെയും ഒരുപാട് കുഴികൾ ഉണ്ടായിരുന്നു. കൃത്യമായ വഴി അറിയില്ലെങ്കിൽ, അപകടം ഉറപ്പാണ്. തണുത്ത കാലാവസ്ഥയിൽ ഞങ്ങൾ അതിരാവിലെ നനഞ്ഞിരിക്കേണ്ടി വന്നു. വിനോദസഞ്ചാരികളും പൊതുജനങ്ങളും എത്തുന്നതിന് മുമ്പേ ഷൂട്ടിംഗ് അവസാനിപ്പിച്ച് മടങ്ങുകയും വേണം. അങ്ങനെ വെല്ലുവിളികൾ ഏറെയായിരുന്നു.

സിനിമയിൽ ഞങ്ങൾ കാണിക്കുന്ന കുരങ്ങന്റെ തലയോട്ടി യഥാർത്ഥത്തിൽ ഞാൻ ഗുണ ഗുഹയിൽ പോയപ്പോൾ ലഭിച്ചതാണ്. അത് ഏതാണ്ട് ഒരു മനുഷ്യന്റെ തലയോട്ടി പോലെയായിരുന്നു. കമൽ സാറിനും ഗുണ ഗുഹയിൽ നിന്ന് ഒരു കുരങ്ങന്റെ തലയോട്ടി ലഭിച്ചിരുന്നു. അതേ തലയോട്ടിയാണ് 'ഹേ റാമിൽ'അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്'. 2006 ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന കൊച്ചിക്കടുത്തുള്ള മഞ്ഞുമ്മൽ എന്ന സ്ഥലത്തെ ഒരു കൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്.