കവിത റിമാൻഡിൽ
Wednesday 27 March 2024 12:58 AM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ. കവിതയെ ഏപ്രിൽ ഒൻപത് വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇ.ഡി ഇന്നലെ ഹാജരാക്കിയപ്പോഴാണ് ഡൽഹി റോസ് അവന്യു കോടതി ജഡ്ജി കാവേരി ബവേജയുടെ നടപടി. മാർച്ച് 15ന് ഹൈദരാബാദിലെ വസതിയിൽ നിന്ന് അറസ്റ്റിലായ കവിതയെ കോടതി ഇന്നലെ വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു. ആം ആദ്മി പാർട്ടി നേതാക്കൾക്ക് കവിതയുടെ അറിവോടെ 100 കോടി കോഴ കൈമാറിയെന്നാണ് ഇ.ഡി സംശയിക്കുന്നത്. ഇ.ഡി കസ്റ്റഡിയിലുള്ള കേജ്‌രിവാളിനൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്തുവെന്നാണ് സൂചന.