മണിക്കൂറിന് 7400 രൂപ, കെട്ടിപ്പിടിച്ച് യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ, വീടിനുമുന്നിൽ വമ്പൻ ക്യൂ

Wednesday 27 March 2024 3:56 PM IST

ലണ്ടൻ: 'നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് ഒരിക്കലും നിങ്ങളുടെ തെറ്റല്ല, എന്നാൽ നിങ്ങൾ ദരിദ്രനായാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്'. ലോക കോടീശ്വരന്മാരിൽ ഒരാളായ സാക്ഷാൽ ബിൽ ഗേറ്റ്സ് ഒരിയ്ക്കൽ പറഞ്ഞ വാക്കുകളാണിവ. ഇത് ആപ്തവാക്യമാക്കി പണമുണ്ടാക്കാനുള്ള വ്യത്യസ്ത വഴി പരീക്ഷിക്കുകയാണ് ബ്രിട്ടനിലെ മാഞ്ചസ്റ്റർ സ്വദേശിനിയായ അനിക്കോ റോസ്. കെട്ടിപ്പിടിച്ചുകൊണ്ടാണ് ഇവർ പണം ഉണ്ടാക്കുന്നത്. കെട്ടിപ്പിടിക്കുന്നു എന്നതിനാൽ ഇതിൽ അശ്ലീലമുണ്ടെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. മാന്യമായ കെട്ടിപ്പിടിത്തം മാത്രം. അശ്ലീലതയ്ക്ക് ആരെങ്കിലും ശ്രമിച്ചാൽ അവൻ വിവരമറിയും. പ്രാെഫഷണൽ ഹഗ്ഗർ എന്നാണ് അനിക്കോ റോസ് സ്വയം വിശേഷിപ്പിക്കുന്നത്. അങ്ങനെ അറിയപ്പെടണമെന്നുമാണ് താൽപ്പര്യം.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്ന് സ്വയം തോന്നുന്നവരും, ആശ്വസിപ്പിക്കാൻ ആരുമില്ലാത്തവരുമാണ് അനിക്കോയുടെ ഉപഭോക്താക്കളിൽ കൂടുതലും. തന്റെ സാമീപ്യവും ആലിംഗനവും അവർക്ക് ഏകാന്തതയിൽ നിന്ന് മോചനം നൽകുന്നു എന്നാണ് അനിക്കോ പറയുന്നത്. ആദ്യം ഒരു തമാശയ്‌ക്കെന്നോണം തുടങ്ങിയെങ്കിലും വളരെ പെട്ടെന്ന് ഐഡിയ ക്ളിക്കാവുകയായിരുന്നു. ഇപ്പോൾ ദിവസവും അനിക്കോയുടെ വീടിനുമുന്നിൽ ആലിംഗനം ആഗ്രഹിച്ചെത്തുന്നവരുടെ നീണ്ട നിരയാണ്. കെട്ടിപ്പിടിക്കാൻ താൽപ്പര്യപ്പെടാത്ത ചിലർക്ക് മടിയിൽ കിടന്ന് ഉറങ്ങാനാണ് ഇഷ്ടം, അവരെയും നിരാശപ്പെടുത്തില്ല.

ഇരുപതിനും അറുപത്തഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് അനിക്കോയുടെ കസ്റ്റമേഴ്സിൽ ഏറിയകൂറും. ഏതുപ്രായത്തിലുള്ളവർക്കും തന്റെ സേവനം തേടാമെന്നും അവർ പറയുന്നു. വെറുതേയാണ് സേവനം എന്നുകരുതിയെങ്കിൽ തെറ്റി, ഒരുമണിക്കൂറിന് 7400 രൂപയാണ് ചാർജ്. ഒരു മണിക്കൂറാണ് സാധാരണ അനുവദിക്കുന്നതെങ്കിലും കൂടുതൽ സമയം വേണമെന്നുള്ളവർക്ക് അതിനും അവസരമുണ്ട്. പക്ഷേ, കൂടുതൽ പണം നൽകണമെന്നുമാത്രം. ആശ്വാസം തേടി എത്തിയശേഷം ലൈംഗിക ആവശ്യങ്ങളിലേക്ക് തിരിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരക്കാരെ പൂട്ടാനുളള വഴി അനിക്കോയുടെ കൈയിലുണ്ട്.