'മൂന്ന് അല്ല 16'; പൃഥ്വിരാജ് തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, വീഡിയോ വെെറൽ

Wednesday 27 March 2024 4:24 PM IST

പൃഥ്വിരാജ് - ബ്ലെസി സ്വപ്നസിനിമയായ ആടുജീവിതം ഈ മാസം 28നാണ് തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ ആടുജീവിതത്തിൽ അമല പോളാണ് നായിക. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ജിമ്മി ജിൻ ലൂയിസ് (ഹോളിവുഡ്) കെ. ആർ. ഗോകുൽ, ശോഭ മോഹൻ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ്‌ അൽ ബലുഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏകദേശം 16 വർഷമായി ഈ ചിത്രത്തിനായി പൃഥ്വിരാജ് പ്രവർത്തിക്കുന്നു.

ഇപ്പോഴിതാ ഇത് കേട്ട് അമ്പരന്നിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. 'ആടുജീവിതം' എന്ന് സിനിമയ്ക്കായി പൃഥ്വിരാജ് 16വർഷം പ്രയത്നിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ട്രെയില‌ർ വളരെ നന്നായിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. ഇരുവരും ഒന്നിച്ച് അഭിനയിച്ച 'ബഡേ മിയാൻ ചോട്ടെ മിയൻ'എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഇവന്റിലാണ് അക്ഷയ് ഇക്കാര്യം പറഞ്ഞത്.

മൂന്ന് വർഷമായി പൃഥ്വി ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നുവെന്നാണ് ആദ്യം അക്ഷയ് പറയുന്നത്. ഇത് പൃഥ്വിരാജ് തിരുത്തി 16 എന്ന് പറയുമ്പോൾ അമ്പരന്ന് നിൽക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എങ്ങനെ ഇതിന് കഴിഞ്ഞുവെന്നാണ് അദ്ദേഹം പൃഥ്വിയോട് ചോദിക്കുന്നത്.

' പൃഥ്വിരാജിൽ നിന്ന് പല കാര്യങ്ങളും പഠിച്ചു. അദ്ദേഹം എന്നെ ആടുജീവിതത്തിന്റെ ട്രെയിലർ കാണിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വീഡിയോ പുറത്തുവന്നാലും എന്നെ കാണിക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഈ ചിത്രം ഞാൻ കാണും. 16 വർഷമായി ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നു. എനിക്ക് 16മാസത്തേക്ക് പോലും ജോലി ചെയ്യാൻ കഴിയില്ല.'- അക്ഷയ് കുമാ‌ർ പറഞ്ഞു.

Advertisement
Advertisement