ലൈംഗികച്ചുവയുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു, വടകരയിൽ യു ഡി എഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് കെ കെ ശൈലജ പരാതി നൽകി

Wednesday 27 March 2024 7:11 PM IST

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ലൈംഗികച്ചുവയുള്ള മോ‌ർഫ് ചെയ്ത ചിത്രങ്ങൾ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യു.ഡി,​എഫിനെതിരെ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കുമാണ് പരാതി നൽകിയത്.

ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവും സമ്മതത്തോടെയുമാണ് പ്രചാരണം നടക്കുന്നതെന്നും പരാതിയിലുണ്ട്.

വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥിയുടെ മെസേജുകൾക്ക് അശ്ലീലഭാഷയിൽ കമന്റിട്ട ആൾക്കെതിരെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിച്ച ആൾക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

അതേസമയം കെ,​കെ,​ ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. ശൈലജയ്ക്കും ഇടതുമുന്നണിക്കുമെതിരെ അനേകം വിഷയങ്ങൾ ഉന്നയിക്കാൻ ഉണ്ടായിരിക്കെ ഇല്ലാത്ത കാര്യങ്ങൾ എന്തിന് പ്രചരിപ്പിക്കണമെന്നാണ് യു.ഡി.എഫ് ചോദിക്കുന്നത്.