നിറുത്തിയിട്ടിരുന്ന എയർഇന്ത്യ എക്സ്‌പ്രസിൽ ഇൻഡിഗോ വിമാനം ഉരസി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, രണ്ട് പൈലറ്റുമാർക്കെതിരെ നടപടി

Wednesday 27 March 2024 7:40 PM IST

കൊൽക്കത്ത : കൊൽക്കത്ത വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഇൻഡിഗോ വിമാനം ഉരസി . ഇന്ന് രാവിലെ 11 മണിയോടെ നടന്ന അപകടത്തിൽ നിന്ന് നൂറുകണക്കിന് യാത്രക്കാരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസ് കാത്തുകിടന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ബീഹാറിലെ ദർഭംഗയിലേക്ക് പുറപ്പെടാനിരുന്ന 6 E 6152 നമ്പർ ഇൻഡിഗോ വിമാനം ഉരസുകയായിരുന്നു. എയർ ഇന്ത്യ എക്സ‌്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനത്തിന്റെ ചിറക് തട്ടിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡിഗോ വിമാനത്തിനും കേടുപാട് സംഭവിച്ചു. എയർ ഇന്ത്യ വിമാനത്തിൽ 169 യാത്രക്കാരും ഇൻഡിഗോ വിമാനത്തിൽ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അറിയിച്ചു. ഇൻഡിഗോ വിമാനത്തിലെ രണ്ട് പൈലറ്റുമാരയെും ഡ്യൂട്ടിയിൽ നിന്ന് നീക്കി. റൺവേയിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് ഡി.ജി.സി.എ അറിയിച്ചു.