ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു, മരണം ഇന്ന് പുലർച്ചയോടെ

Thursday 28 March 2024 7:04 AM IST

ചെന്നൈ: തമിഴ്നാട്ടിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എംഡിഎംകെ പാർട്ടി നേതാവായ ഗണേശമൂർത്തി ഡിഎംകെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂർത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ എ പ്രകാശ് ആണ് ഈറോഡിൽ ഇത്തവണ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മുറിയിൽ അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹം ഉറക്കഗുളിക വെള്ളത്തിൽ കലക്കി കുടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും വിവരം ലഭിച്ചിരുന്നു.