പട്ടാപ്പകൽ  അരക്കോടി  രൂപ കവർന്ന സംഭവം; മോഷണം ആസൂത്രിതം, അന്വേഷണം കർണാടകത്തിലേക്ക്

Thursday 28 March 2024 5:15 PM IST

കാസർകോട്: പട്ടാപ്പകൽ ഉപ്പളയിൽ നിന്ന് അരക്കോടി രൂപ കവർന്ന സംഭവത്തിൽ കർണാടകത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. കഴിഞ്ഞ ദിവസമാണ് കാസർകോട് ഉപ്പളയിൽ എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ മോഷണം പോയത്.

പണം കൊണ്ടുപോകുമ്പോഴുണ്ടായ സുരക്ഷാ വീഴ്ചയും സംഭവത്തിലെ ദുരൂഹതകളും ഏറെ ചർച്ചയാകുന്ന സാഹചര്യത്തിൽ മോഷണം ആസൂത്രിതമാണെന്നുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. കവർച്ച നടത്തിയത് ഒരാളാണെന്ന് വിവരം ലഭിച്ചെങ്കിലും അയാൾക്ക് പിറകിൽ ഒരു സംഘം തീർച്ചയായും കാണുമെന്നാണ് പൊലീസ് നിഗമനം.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വാഹനം നിർത്തിയ ശേഷം സമീപത്തെ എടിഎമ്മിൽ ജീവനക്കാർ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തി മോഷ്ടാവ് ഗ്ലാസ് തകർത്ത് പണമടങ്ങിയ ബോക്സുമായി സ്ഥലം വിടുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലായിരുന്നു ബോക്സുണ്ടായിരുന്നത്. സംഭവസമയത്ത് ജീവനക്കാരനും ഡ്രെെവറും മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ സമീപത്തെ എടിഎമ്മിനുള്ളിലായിരുന്നു. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

വാഹനത്തിൽ ഒരുകോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്നത് ചോദ്യം ചെയ്യപ്പെടുന്നു. ഇതുകൂടാതെ വാഹനത്തിന്റെ ഇരുവശത്തെയും ഇരുമ്പ് ഗ്രിൽ ഒരേസമയം കേടായത് എന്തുകൊണ്ട്, മൂന്ന് പേർ വേണ്ടിടത്ത് രണ്ട് പേർ മാത്രം പണം കൊണ്ടുവന്നത് എന്തുകൊണ്ട് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ സംഭവത്തെക്കുറിച്ച് ഉയരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.