പ്രചാരണം ഡിജിറ്റലായും കൊഴുക്കുന്നു

Friday 29 March 2024 1:45 AM IST

വർക്കല: പ്രചാരണത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും ഡിജിറ്റൽ സാദ്ധ്യതകൾ പരമാവധി ഉപയോഗിക്കാൻ മുന്നണികൾ . ഓരോ ദിവസത്തെയും സ്ഥാനാർത്ഥികളുടെ പര്യടനം സോഷ്യൽ മീഡിയ വഴി ജനങ്ങളിലെത്തിക്കുന്നതോടൊപ്പം ചുവരെഴുത്തുകളും പോസ്റ്ററുകളുമായി നാടെങ്ങും പ്രചാരണം കൊഴുപ്പിക്കുകയാണ്. അണികളുടെ അതിരുകവിഞ്ഞ ആവേശം പലയിടങ്ങളിലും എതിർ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കാൻ കാരണമാകുന്നുണ്ട് .കഴിഞ്ഞദിവസം കിളിമാനൂർ പുളിമാത്തിൽ ഇടത് സ്ഥാനാർത്ഥി വി.ജോയിയുടെ പോസ്റ്റർ വലിച്ചുകീറിയത് ചോദ്യം ചെയ്‌ത ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സുജിത്തിനെ ഒരുസംഘം വീടുകയറി ആക്രമിച്ചു. തിരഞ്ഞെടുപ്പിനെ കലാപകലുഷിതമാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് സുജിത്തിന്റെ വീട്ടിലെത്തിയ വി.ജോയി പറഞ്ഞു. പ്രകോപനങ്ങളിൽ വീഴാതെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വി. ജോയി പ്രതികരിച്ചു.

പേയാട് ജംഗ്ഷൻ സന്ദർശനത്തോടെയാണ് ഇന്നലെ അടൂർ പ്രകാശ് പര്യടനം ആരംഭിച്ചത് . വിളപ്പിൽശാല,ആമച്ചൽ,തൂങ്ങാം പാറ,മാറനല്ലൂർ,കാട്ടാക്കട, മലയിൻകീഴ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. വോട്ടർമാരോട് ഇടപഴകി. പര്യടന വേളയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കുറവുകൾ ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ പ്രതികരിച്ചതെന്ന് അടൂർ പ്രകാശ് പറഞ്ഞു . ഇന്ന് വർക്കല റെയിൽവേ സ്റ്റേഷൻ ,വിളബ്ഭാഗം, പുത്തൻചന്ത,
വെൺകുളം, പുന്നമൂട് , നാവായിക്കുളം ജുമാ മസ്ജിദ് , പള്ളിക്കൽ ,മടവൂർ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം കല്ലമ്പലം ടൗൺ മസ്ജിദിലെ നോമ്പുതുറയിലും പങ്കെടുക്കും .

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച നെടുമങ്ങാട് സ്വദേശി അഭിലാഷ് ടി .നായിഡുവിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് വി. മുരളീധരൻ പര്യടനം ആരംഭിച്ചത് . കേരള പുലയർ മഹാസഭ നെടുമങ്ങാട് താലൂക്ക് ഭാരവാഹികളുമായി ചർച്ച നടത്തി . വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ വീട്ടിലും ബി.ഡി.ജെ.എസ് നെടുമങ്ങാട് ഓഫീസിലും പൂവത്തൂർ ചാമവിള, കരകുളം നമ്പാട് കോളനികളിലും സന്ദർശനം നടത്തി. ചിറയിൻകീഴിൽ നടന്ന വികസന ചർച്ചയിലും കിളിമാനൂർ ടൗൺ, കല്ലറ, പാലോട് പദയാത്രയിലും പങ്കെടുത്തു.

Advertisement
Advertisement