ബാറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; അപകടത്തില്‍ മൂന്ന് മരണം, സമീപത്തെ മെട്രോ നിര്‍മാണം അപകടത്തിന് കാരണമെന്നും ആക്ഷേപം

Thursday 28 March 2024 9:58 PM IST

ചെന്നൈ: ചാമിയര്‍സ് റോഡിലെ പ്രശസ്തമായ സേഖ്‌മേട്ട് ബാറിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. അല്‍വാര്‍പേട്ടിലെ ബാറില്‍ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്.ഒന്നാമത്തെ നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണതെന്നും പുതുക്കി പണിയുന്നതിനിടെയാണ് അപകടം നടന്നതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ ബാറിന് എതിര്‍വശത്തായി മെട്രോ നിര്‍മാണം നടക്കുന്നതാണ് അപകടത്തിന് കാരണമെന്നും ചിലര്‍ പറയുന്നുണ്ട്. മരിച്ചതില്‍ രണ്ട് പേര്‍ തൊഴിലാളികളാണെന്നും കൂടുതല്‍പേര്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് രക്ഷാപ്രവര്‍ത്തക സംഘം പരിശോധിക്കുകയാണെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് മെട്രോ റെയിലുമായി ബന്ധപ്പെട്ട് എന്തെങ്കിലും വലിയ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടായിരുന്നുവോയെന്നും പരിശോധിക്കുമെന്ന് ജോയിന്റ് സിറ്റി പോലീസ് കമ്മീഷണര്‍ പ്രേം ആനന്ദ് സിന്‍ഹ പറഞ്ഞു.

അതേസമയം അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ഒരു സ്‌റ്റേറ്റ്‌മെന്റും പൊലീസിന്റെ ഭാഗത്ത് നിന്ന് പുറത്തുവന്നിട്ടില്ല.