യു.എസിന് ശക്തമായ മറുപടി, 'ബാഹ്യ ഇടപെടൽ അനാവശ്യം, അസ്വീകാര്യം': ഇന്ത്യ

Friday 29 March 2024 12:37 AM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ചതിനു പിന്നാലെ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയ യു.എസ് നിലപാടിനോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. രാജ്യത്തിന്റെ നിയമസംവിധാനത്തിലേക്കും തിരഞ്ഞെടുപ്പ് പ്രകിയയിലേക്കുമുള്ള ബാഹ്യ ഇടപെടൽ അനാവശ്യവും അസ്വീകാര്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ വ്യക്തമാക്കി.

കേജ്‌രിവാളിന്റെയും കോൺഗ്രസിന്റെയും വിഷയത്തിൽ ന്യായവും സുതാര്യവുമായ നിയമനടപടി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ യു.എസ് വക്താവ് മാത്യു മില്ലറിന് മറുപടി നൽകുകയായിരുന്നു ജയ്‌സ്വാൾ. ഇന്ത്യ അതിന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ സ്ഥാപനങ്ങളിൽ അഭിമാനിക്കുന്നു. ബാഹ്യ ഇടപെടലുകളിൽ നിന്ന് അവയെ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ യു.എസ് എംബസി മുതിർന്ന ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേ‌ജ്‌രിവാളിന്റെ അറസ്റ്രിൽ പ്രതികരിച്ചതിൽ ഇന്ത്യ അപലപിച്ചതിനു പിന്നാലെ വീണ്ടും യു.എസ് വിഷയത്തിൽ ഇടപെട്ടു.

ബുധനാഴ്ച യു.എസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. നയതന്ത്രതലത്തിൽ രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തരകാര്യങ്ങളെയും പരസ്പരം ബഹുമാനിക്കണമെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇല്ലെങ്കിൽ അനാരോഗ്യകരമായ പ്രവണതകളിലേക്ക് വഴിമാറുന്ന സാഹചര്യമുണ്ടാകും. രാജ്യത്തിന്റെ നിയമനടപടികൾ സ്വതന്ത്ര ജുഡിഷ്യറിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും പക്ഷപാതപരമായ അനുമാനങ്ങൾക്ക് സ്ഥാനമില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തിരുന്നു.

കേജ്‌രിവാളിന്റെ അറസ്റ്റിൽ അഭിപ്രായപ്രകടനം നടത്തിയ ജർമ്മനിയുടെ നിലപാടിനെയും ഇന്ത്യ നേരത്തെ വിമർശിച്ചിരുന്നു. കുറ്റാരോപിതനായ ഏതൊരാളെയും പോലെ നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് കേജ്‌രിവാളിന് അവകാശമുണ്ടെന്നായിരുന്നു ജർമ്മനിയുടെ അഭിപ്രായം.

Advertisement
Advertisement