ചാൾസ് രാജാവ് ആദരിച്ച ഡോ എം കെ രാമചന്ദ്രൻ ലണ്ടനിൽ നിര്യാതനായി

Saturday 30 March 2024 11:17 AM IST

ലണ്ടൻ: ബ്രിട്ടനിലെ ദേശീയ ബഹുമതി നേടിയ ഡോ എം കെ രാമചന്ദ്രൻ (86) ലണ്ടനിൽ നിര്യാതനായി. കഴിഞ്ഞ 50 വർഷമായി മോഡേൺ മെഡിസിനിൽ പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും ഹോമിയോ, അക്യുപംഗ്‌ച്ചർ തുടങ്ങിയ മേഖലയിലും അദ്ദേഹം ചികിത്സിച്ചിരുന്നു. കോംപ്ലിമെന്ററി മെഡിസിൻ രംഗത്ത് സേവനം അനുഷ്ഠിച്ചതിന്റെ പേരിൽ ചാൾസ് രാജാവ് 2005ൽ സെന്റ് ജയിംസസ് കൊട്ടാരത്തിൽ ഡോ എം കെ രാമചന്ദ്രനെ ക്ഷണിച്ചു വരുത്തി ആദരിച്ചിരുന്നു. കോംപ്ലിമെന്ററി മെഡിസിൻ രംഗത്ത് സവിശേഷ സംഭാവന നൽകിയവരെ ആയിരുന്നു അന്നവിടെ ആദരിച്ചത്. കോഴിക്കോട് നിന്നും 1974ലാണ് എം കെ രാമചന്ദ്രൻ ലണ്ടനിൽ എത്തുന്നത്. ഇവിടെ പ്രശസ്തമായ പല ആശുപത്രികളിലും പ്രവർത്തിച്ചു. നാല് വർഷത്തിനുശേഷം ഈസ്റ്റ് ടിൽബറി എന്ന ലണ്ടന്റെ സമീപ പ്രദേശത്ത് ജനറൽ പ്രാക്ടീഷണർ ആയി സേവനമനുഷ്ഠിച്ചു. ഇവിടെ മുഖ്യമായും ചികിത്സ ഹോമിയോപ്പതിയിൽ ആയിരുന്നു. മോഡേൺ മെഡിസിനിൽ താല്പര്യമുള്ളവർക്ക് ആ ചികിത്സയും നൽകിയിരുന്നു.

കലയിലും സാഹിത്യത്തിലും ഏറെ താല്പര്യമുണ്ടായിരുന്ന ഡോ എം കെ രാമചന്ദ്രൻ സാംസ്കാരിക രംഗത്തും സജീവാംഗമായിരുന്നു. കോഴിക്കോടുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന അദ്ദേഹം അനവധി വിദേശ യാത്രകൾ ചെയ്തിട്ടുണ്ട്. ഭാര്യ രമ, മക്കൾ: റമിന, രസീറ്റ, രാഹേഷ്, ചെറുമക്കൾ: അനുഷ, റിയ, ലക്ഷ്മി. കോഴിക്കോട്ടു കല്ലായിയിൽ മന്നത്തു കുളങ്ങര വീട്ടിൽ നിന്നും എത്തിയതായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ പുഷ്പ തിയേറ്റർ ഈ കുടുംബത്തിന്റേതായിരുന്നു. സംസ്കാരച്ചടങ്ങുകൾ ചൊവ്വാഴ്ച (മാർച്ച് 26) നോർത്ത് ലണ്ടനിൽ നടന്നു.