രാമനാഥപുരത്ത് ആറ് പനീർശെൽവന്മാർ !
ചെന്നൈ: എൻ.ഡി.എയിൽ ചേർന്നെങ്കിലും സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം രാമനാഥപുരത്ത് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. സസ്പെൻസ് നിലനിറുത്തി ബി.ജെ.പി ഒഴിച്ചിട്ട സീറ്റാണിത്. രണ്ടും കൽപ്പിച്ച് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ പനീർശെൽവം പത്രിക സമർപ്പിച്ചു.
തന്റെ സ്ഥാനാർത്ഥിത്വം ബി.ജെ.പി അംഗീകരിക്കുമോ എന്നതല്ല, അംഗീകരിച്ചാലും ജയിക്കുമോ എന്നാണ് ടെൻഷൻ. കാരണം അവിടെ പത്രിക സമർപ്പിച്ച പനീർശെൽവം എന്ന് പേരുള്ളവർ ആകെ ആറാണ്. മൂന്നു പേരുടെ ഇനിഷ്യൽ 'ഒ' ആണ്. പത്രികാസമർപ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ ഉസിലാംപെട്ടി സ്വദേശി എ. പനീർശെൽവം പത്രിക സമർപ്പിച്ചതോടെയാണ് പനീർശെൽവന്മാരുടെ എണ്ണം ആറായത്.
ഇതുവരെ അണ്ണാ ഡി.എം.കെയുടെ 'രണ്ടില' ചിഹ്നത്തിലാണ് പനീർശെൽവം മത്സരിച്ചത്. പാർട്ടിയിൽ നിന്ന് പുറത്തായതോടെയാണ് സ്വതന്ത്രചിഹ്നം തേടേണ്ടി വന്നത്. അഞ്ച് പനീർശെൽവൻമാർക്കും സ്വതന്ത്ര ചിഹ്നമായിരിക്കും.
അതേസമയം ഒ.പി.എസിന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി ബി.ജെ.പി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടിയാണ് രാമനാഥപുരം ഒഴിച്ചിട്ടതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പത്രികാസമർപ്പണത്തിന്റെ അവസാനനാളും കഴിഞ്ഞതിനാൽ എൻ.ഡി.എ പിന്തുണ ഒ.പി.എസിനാണെന്നുറപ്പായി. എൻ.ഡി.എ ഒ.പി.എസി മുസ്ലിം ലീഗിലെ സിറ്റിംഗ് എം.പി നവാസ് കനിയാണ് ഇവിടെ ഡി.എം.കെ മുന്നണി സ്ഥാനാർത്ഥി. ജയപെരുമാളാണ് അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി.
പത്രിക സമർപ്പിക്കേണ്ട അവസാനദിവസം ഇന്നാണ്. കോൺഗ്രസിന് ലഭിച്ച മയിലാടുതുറെയിലും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. മണിശങ്കർ അയ്യർ മത്സരിക്കുമെന്നാണ് കേട്ടിരുന്നത്.
ആദ്യം വെട്ടിയത് ഒ.പി.എസിന്റെ മകനെ
എൻ.ഡി.എ സീറ്റ് വിഭജനത്തിൽ മകനും സിറ്റിംഗ് എം.പിയുമായ പി.രവീന്ദ്രനാഥിന് സീറ്റ് ലഭിക്കുമെന്നായിരുന്നു പനീർശെൽവം പ്രതീക്ഷിച്ചത്. എന്നാൽ ലഭിച്ചത് എൻ.ഡി.എയിൽ എത്തിയ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിലെ ടി.ടി.വി.ദിനകരനും. അതോടെയാണ് ഒ.പി.എസ് പ്രതിസന്ധിയിലായത്. എൻ.ഡി.എയിൽ ചേർന്നെങ്കിലും രൂപീകരിച്ച പുതിയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നില്ല. താമര ചിഹ്നത്തിൽ മത്സരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും അത് അംഗികരിക്കാൻ അദ്ദേഹം തയ്യാറായില്ല.