സ്‌കൂളുകളിലെ ഉച്ചഭക്ഷണം..... ചെലവാക്കിയ തുക ലഭിക്കാതെ പടിയിറങ്ങി പ്രഥമാദ്ധ്യാപകർ

Sunday 31 March 2024 12:31 AM IST
ഉച്ചഭക്ഷണം

ആലപ്പുഴ : അദ്ധ്യയന വർഷം അവസാനിച്ചിട്ടും സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണത്തിന് ചെലവാക്കിയ തുക ലഭിക്കാതെ പ്രഥമാദ്ധ്യാപകർ പടിയിറങ്ങുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ തുകയാണ് കിട്ടാനുള്ളത്. പാചകത്തൊഴിലാളികൾക്ക് മാർച്ചിലെ കൂലി നൽകാനുമുണ്ട്.

ഗ്യാസ്, പലചരക്ക് സാധനങ്ങൾ, മുട്ട, ഏത്തപ്പഴം ഉൾപ്പെടെ വാങ്ങിയ ഇനത്തിലും വൻ തുകയാണ് പ്രഥമാദ്ധ്യാപകർക്ക് ബാദ്ധ്യതയായുള്ളത്.

വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരുദിവസം മുട്ടയും നൽകണം. മുട്ട കഴിക്കാത്തവർക്ക് ഏത്തപ്പഴമാണ് നൽകേണ്ടത്. ഇതിനുള്ള തുക അധികമായി നൽകാറില്ല. ഈ അധികച്ചെലവ് പ്രഥമാദ്ധ്യാപകർ സ്വന്തമായി വഹിക്കണം. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം 60ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വഹിക്കുന്നത്. ഫെബ്രുവരി മാസത്തെ ഉച്ചഭക്ഷണവിതരണത്തിന് ചെലവാക്കിയ തുകയുടെ കണക്ക് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പ്രതിമാസം 25,000രൂപ മുതൽ ഒരുലക്ഷത്തിൽ അധികം രൂപ വരെ ചെലവഴിക്കുന്ന പ്രഥമാദ്ധ്യാപകരുണ്ട്.

ഇനിയും വൈകും

1.കൂടുതൽ പ്രഥമാദ്ധ്യാപകരും മാർച്ചിൽ വിരമിക്കുന്നതോടെ പുതിയ പ്രഥമാദ്ധ്യാപകർക്കാണ് തുക കൈമാറേണ്ടത്

2.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇവരുടെ നിയമനം അംഗീകരിക്കാതെ പണം അക്കൗണ്ടിലേക്ക് കൈമാറാനും കഴിയില്ല

3.കുടിശികത്തുക എന്ന് കൈമാറാനാകുമെന്ന് അധികൃതർക്ക് ഉറപ്പ് പറയാൻ കഴിയുന്നില്ല

4.2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ ചെലവ് നിരക്ക് ഇതുവരെ പരിഷ്‌ക്കരിച്ചിട്ടുമില്ല

പാചകച്ചെലവിന് ഫെബ്രുവരി, മാർച്ച് വരെയും പാചക തൊഴിലാളികൾക്ക് മാർച്ച് മാസത്തെയും തുകയാണ് കുടിശികയുള്ളത്. സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് തുക കൈമാറും

- ഡി.ഡി.ഇ ഓഫീസ് അധികൃതർ

ജില്ലയിൽ

സ്‌കൂളുകൾ : 732

പാചകത്തൊഴിലാളികൾ: 777

പദ്ധതിത്തുക

കേന്ദ്രം..............60ശതമാനം

സംസ്ഥാനം.....40ശതമാനം

Advertisement
Advertisement