28 ലക്ഷം വനിതകളെ പുറത്താക്കിയ തിര.

Sunday 31 March 2024 12:33 AM IST

28 ലക്ഷത്തോളം വനിതകളെ വോട്ടർപട്ടികയിൽ നിന്നും നീക്കുക. ഇന്ത്യയിലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുകുമാർ സെൻ നേരിട്ട പ്രശ്നമാണിത്. കേൾക്കുമ്പോൾ വിവേചനമാണെന്ന് തോന്നാം. എന്നാൽ സംഭവം അതല്ല.

ബീഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത വോട്ടർമാർ സ്വന്തം പേരിനുപകരം “എ യുടെ അമ്മ, ബി യുടെ ഭാര്യ” എന്നിങ്ങനെയാണ് വോട്ടർ പട്ടികയിൽ നൽകിയിരുന്നത്. 28 ലക്ഷത്തോളം സ്ത്രീകൾ ഇത്തരത്തിലുണ്ടായിരുന്നു. ശരിയായ പേരുകൾ വെളിപ്പെടുത്താൻ സാമൂഹ്യവ്യവസ്ഥിതി അനുവദിക്കാത്തതാണ് കാരണം.

വോട്ടറുടെ ശരിയായ പേര് രേഖപ്പെടുത്തണമെന്ന് കമ്മിഷനും നിർദ്ദേശിച്ചിരുന്നു. അതിനായി സമയവും അനുവദിച്ച്,​ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. എന്നിട്ടും പേര് വെളിപ്പെടുത്താത്ത വനിത വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആ നിലപാട് ഫലം കണ്ടു.

1957 ആയപ്പോൾ സ്ഥിതി മാറി. അന്ന് മേൽ പറഞ്ഞ സംസ്ഥാനങ്ങളിലെ സ്ത്രീകൾ ഭൂരിഭാഗവും സ്വന്തം പേര് തന്നെ വോട്ടർപട്ടികയിൽ ചേർക്കാൻ തുടങ്ങി. രാഷ്ട്രീയപാർട്ടികളും വനിത സംഘടനകളും തിരഞ്ഞെടുപ്പ് കമ്മിഷനും പ്രോത്സാഹനം നൽകി. സമൂഹത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി. പുരുഷന്മാരുടെ നിഴലിൽ നിന്ന് ഉയർന്ന് വന്ന് തങ്ങളുടേതായ ഇടം നേടിയ രാജ്യത്തെ സ്ത്രീ വോട്ടർമാരുടെ വിമോചനത്തിന്റെ കഥ കൂടിയാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ്.

Advertisement
Advertisement