ഭാരത് രത്‌ന സമ്മാനിച്ചു

Sunday 31 March 2024 1:05 AM IST

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി.വി നരസിംഹ റാവു, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്. സ്വാമിനാഥൻ എന്നിവർക്ക് മരണാനന്തരം പ്രഖ്യാപിച്ച രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന സമ്മാനിച്ചു. രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ബന്ധുക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനിക്കുള്ള അവാർഡ് ഡൽഹിയിലെ വസതിയിൽ വച്ച് രാഷ്‌ട്രപതി നേരിട്ട് സമ്മാനിക്കും. ചരൺസിംഗിനായി ചെറുമകൻ ജയന്ത് സിംഗ്, പി.വി. നരസിംഹറാവുവിനായി മകൻ പി.വി. പ്രഭാകർ റാവു, എം.എസ്. സ്വാമിനാഥന്റെ മകൾ നിത്യ റാവു, കർപ്പൂരി താക്കൂറിന്റെ മകൻ രാംനാഥ് താക്കൂർ എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement