റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാ‌ർ അപ്പീൽ നൽകും

Sunday 31 March 2024 3:59 PM IST

കാസർകോട്: മദ്രസ അദ്ധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകും. വേനൽ അവധിക്ക് മുമ്പ് കേസിൽ അപ്പീൽ നൽകണമെന്ന് മുഖ്യമന്ത്രി എജിക്ക് നിർദേശം നൽകി.

2017 മാർച്ച് 21 നാണ് കർണ്ണാടക കുടക് സ്വദേശിയായ മൗലവി കൊല്ലപ്പെട്ടത്. പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസിൽ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിൻ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖിൽ എന്നിവരെ ഇന്നലെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതേവിട്ടത്.

പ്രതികളെല്ലാം ആർ.എസ്.എസ് പ്രവർത്തകരാണ്. 'മൂന്നു പ്രതികളെയും വെറുതെ വിടുന്നു" എന്ന ഒറ്റ വാക്കിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ. കെ. ബാലകൃഷ്ണൻ വിധി പ്രസ്താവിച്ചത്. കൊലപാതകം നടക്കുന്നതിന്റെ മൂന്നുദിവസം മുമ്പ് മീപ്പുഗിരിയിൽ നടന്ന ഷട്ടിൽ ടൂർണ്ണമെന്റിനിടെയുണ്ടായ തർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായിരുന്നു. സംഘട്ടനത്തിൽ കേസിലെ രണ്ടു പ്രതികൾക്ക് പരിക്കേറ്റതാണ് പ്രകോപനമായത്. ഇവരുടെ സംഘം ബൈക്കിലെത്തി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നും വർഗീയ സംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്.

കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ കോസ്റ്റൽ സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഏഴുവർഷമായി മൂവരും ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്നു.