എങ്ങുമെത്താതെ സീറ്റ് വിഭജനം മഹാരാഷ്ട്രയിൽ അനിശ്ചിതത്വം

Monday 01 April 2024 12:12 AM IST

ന്യൂഡൽഹി: ബി.ജെ.പിക്കും കോൺഗ്രസിനും ഒറ്റയ്‌ക്ക് ജയിക്കാൻ കഴിയാത്ത മഹാരാഷ്‌ട്രയിലെ 48 ലോക്‌സഭ മണ്ഡലങ്ങളിലെ സീറ്റ വിഭജന ചർച്ചകൾ കീറാമുട്ടിയാകുന്നു. ശിവസേനയും എൻ.സി.പിയും പിളർന്നതാണ് പ്രതസന്ധിക്കുകാരണം. ഏപ്രിൽ 19നും മേയ് 20നും ഇടയിൽ അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി ചർച്ചകൾ നീളുന്നത് പ്രചാരണത്തെയും ബാധിക്കും.

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ നിലപാടാണ് ബി.ജെ.പിക്കെതിരെ പരമാവധി സീറ്റു നേടാനുള്ള 'ഇന്ത്യ" മുന്നണിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നത്. ശിവസേന മത്സരിക്കുമെന്ന് പറഞ്ഞ 22 സീറ്റിൽ 16 ഇടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് താത്പര്യം പ്രകടിപ്പിച്ച മുംബയ്- നോർത്ത് വെസ്റ്റ്, സാംഗ്ളി മണ്ഡലങ്ങളും ഇതിലുൾപ്പെടുന്നു. ഇന്ന് ഡൽഹിയിൽ 'ഇന്ത്യ" മുന്നണി റാലിക്കെത്തുമ്പോൾ വിഷയം ചർച്ച ചെയ്‌ത് പരിഹരിക്കാനാണ് ശ്രമം.

എൻ.ഡി.എയിലുണ്ടായിരുന്നപ്പോഴും ശിവസേന സമാന രീതിയിൽ തർക്കിച്ചിരുന്നു. 2019ലെ സീറ്റ് തർക്കങ്ങളെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് അവർ മുന്നണി വിടുന്നതിൽ കലാശിച്ചതും. ഭൂരിപക്ഷ എം.എൽ.എമാരും എം.പിമാരും ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പമാണെങ്കിലും ജനപിന്തുണ തനിക്കാണെന്നാണ് ഉദ്ധവ് താക്കറെയുടെ വിശ്വാസം. ബാൽതാക്കറെയുടെ പാരമ്പര്യം വോട്ടായി മാറുമെന്ന ഉദ്ധവിന്റെ പ്രതീക്ഷകളെ തകർക്കാനാണ് കുടുംബാംഗമായ രാജ്‌ താക്കറെയുടെ നവനിർമ്മാണ സേനയെ മുന്നണിയിൽ ചേർക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്.

എൻ.ഡി.എയിലും പ്രതിസന്ധി

എൻ.ഡി.എയിലും സീറ്റ് വിഭജനത്തിൽ ഐക്യമില്ല. 28ന് സംയുക്തമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി സീറ്റ് വിഭജന ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു.

അതേസമയം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന എട്ടു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മകൻ ഡോ. ശ്രീകാന്തിന്റെ സീറ്റിംഗ് സീറ്റായ കല്യാൺ ബി.ജെ.പി ആവശ്യപ്പെടുന്നതിൽ അദ്ദേഹം നിരാശനാണ്. 9 സീറ്റ് ആഗ്രഹിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പിക്ക് ആറെണ്ണമാണ് ബി.ജെ.പി വാഗ്‌ദാനം ചെയ്‌തത്. അതിൽ രണ്ടിടത്ത് എൻ.സി.പി ചിഹ്നത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന ഉപാധിയും വച്ചു. ഇതു വീണ്ടും അനിശ്ചിതത്വത്തിലാക്കി.

ബിഹാറിൽ 'ഇന്ത്യ" ധാരണ

നാല് മണ്ഡലങ്ങളിൽ ആർ.ജെ.ഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ആശയക്കുപ്പഴമുണ്ടാക്കിയെങ്കിലും ബിഹാറിൽ 'ഇന്ത്യ" മുന്നണിയുടെ മഹാഗത്ബന്ധൻ അഥവാ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. പൂർണിയയിൽ കോൺഗ്രസിന്റെ പപ്പുയാദവും ആർ.ജെ.ഡിയുടെ ബീമ ഭാരതിയും തമ്മിൽ സൗഹൃദമത്സരത്തിനും വഴിയൊരുങ്ങി.

2019ൽ ഒരു സീറ്റുപോലും നേടാത്ത ആർ.ജെ.ഡി 40 സീറ്റിൽ 26ഇടത്തും മത്സരിക്കും. കോൺഗ്രസിന് ഒമ്പതും സി.പി.എം.എല്ലിന് മൂന്നും സി.പി.എം, സി.പി.ഐയ്‌ക്ക് എന്നിവയ്‌ക്ക് ഓരോന്നും.