കേജ് രിവാളിന്റെ നാവായി സുനിത; ആറു ഗ്യാരന്റികൾ
ന്യൂഡൽഹി : 'ഇന്ത്യ' മുന്നണിയുടെ മെഗാറാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ നാവായി ഭാര്യ സുനിത കേജ് രിവാൾ കത്തിക്കയറി. ഇതാദ്യമായാണ് സുനിത രാഷ്ട്രീയ വേദിയിൽ സംസാരിക്കുന്നത്. ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും മുറിവേറ്റ സിംഹിണിയെ പോലെയായിരുന്നു. ഇരുവരുടെയും പ്രസംഗം ആവേശത്തോടെയും വൈകാരികവുമായാണ് പ്രവർത്തകർ സ്വീകരിച്ചത്. രാജ്യത്തിന് വേണ്ടിയാണ് കേജ് രിവാളിന്റെ ജീവിതമെന്ന് സുനിത പറഞ്ഞു. അദ്ദേഹം ഇപ്പോൾ നടത്തുന്ന പോരാട്ടം സ്വാതന്ത്ര്യസമര സേനാനികൾ നടത്തിയതിന് തുല്യമാണ്. ഇ.ഡി കസ്റ്റഡിയിൽ നിന്ന് കേജ് രിവാൾ കൈമാറിയ സന്ദേശവും അദ്ദേഹത്തിന്റെ ആറ് ഗ്യാരന്റികളും സുനിത വായിച്ചു. ഭരണത്തിലെത്തിയാൽ അഞ്ചു വർഷം കൊണ്ട് നടപ്പാക്കും.
1. രാജ്യത്ത് പവർ കട്ടുണ്ടാകില്ല
2. പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി
3. എല്ലാ ഗ്രാമങ്ങളിലും മികച്ച സ്കൂൾ
4. എല്ലാ ഗ്രാമങ്ങളിലും മൊഹല്ല (കമ്മ്യണിറ്റി) ക്ലിനിക്. ജില്ലകളിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി
5. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിളകൾക്ക് താങ്ങുവില
6. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി
യഥാർത്ഥ കോടതി
ജനത്തിന്റെ വോട്ട്
ജനത്തിന്റെ വോട്ടാണ് യഥാർത്ഥ കോടതിയെന്ന് കൽപന സോറൻ ചൂണ്ടിക്കാട്ടി. ഹേമന്ത് സോറൻ അറസ്റ്റിലായിട്ട് രണ്ട് മാസത്തിൽ കൂടുതലായി. ഈ സമയം വരെ ആരോപണങ്ങളിൽ തെളിവില്ലെന്ന് കൽപന വ്യക്തമാക്കി.