കടമെടുപ്പ് പരിധി; കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി, ഇടക്കാല ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

Monday 01 April 2024 11:22 AM IST

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരത്തിനായി അധിക കടമെടുപ്പിന് വേണ്ടി കേരളം സമർപ്പിച്ച ഇടക്കാല ഹർ‌ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭരണഘടനയുടെ 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ടതാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വരുന്ന ഭാഗം. ഈ ഭാഗം ഇതുവരെ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് ഭരണഘടനാ ബെഞ്ചിന് വിടുന്നതായി ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്.

കേരളം കിഫ്‌ബി വഴിയെടുക്കുന്ന വായ്‌പ കടമെടുപ്പ് പരിധിയിൽ വരണം,ധനകാര്യ കമ്മിഷൻ വായ്‌പാ പരിധി നിശ്ചയിക്കുന്ന രീതി ശരിയല്ല തുടങ്ങി കേന്ദ്രം ഉന്നയിക്കുന്ന വിഷയങ്ങൾ ചോദ്യം ചെയ്‌താണ് കേരളം സുപ്രീംകോടതിയിൽ ഇടക്കാല ഹർജി നൽകിയത്. ഈ വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതും ഭരണഘടനയെ ബാധിക്കുന്നതും ആയതിനാലാണ് ഭരണഘടനയുടെ അഞ്ചംഗ ബെഞ്ചിന് കേരളത്തിന്റെ ഹർജി സുപ്രീംകോടതി വിട്ടിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങൾക്കും എത്ര കടമെടുക്കാമെന്ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

പതിനാലാം ധനകാര്യ കമ്മിഷൻ ശുപാർശ കാലയളവിൽ അനുവദിച്ച ചില തുകകൾ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിന് ഈ ധനകാര്യ കമ്മിഷൻ കാലയളവിൽ 21,000 കോടി വായ്‌പാ പരിധി വെട്ടിക്കുറച്ചത്. എന്നാൽ പെൻഷനടക്കം നൽകുന്നതിന് 10000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നതായിരുന്നു ഇതിനെതിരായുള്ള കേരളത്തിന്റെ ആവശ്യം.എന്നാൽ ഈ ആവശ്യം സുപ്രീംകോടതി തള്ളി. കോടതിയിടപെട്ട് 13,608 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിന് കഴിഞ്ഞെന്നും സംസ്ഥാനം കൂടുതൽ കടമെടുത്താൽ വരും വർഷങ്ങളിൽ കേന്ദ്രത്തിന് കടമെടുപ്പിൽ കുറവ് വരുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി.

32,422 കോടി കേരളത്തിന്റെ കടമെടുപ്പ് പരിധിയായി നിജപ്പെടുത്തിയ കേന്ദ്രസർക്കാർ 15,390 കോടി മാത്രമാണ് ഇപ്പോൾ കടമെടുക്കാൻ അനുമതി നൽകിയതെന്ന് ഇടതുപക്ഷം മുൻപ് വിമർശിച്ചിരുന്നു. കേരളത്തിന്റെ ഹർജിയിലെ കാര്യങ്ങൾ കേന്ദ്രവുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഇന്ന് കോടതിയിൽ വാദം കേട്ടതും കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടതും.

Advertisement
Advertisement