ഇങ്ങനെ പോയാല്‍ എങ്ങനെ ഓട്ടോറിക്ഷയില്‍ കയറും? യാത്രക്കൊടുവില്‍ ബില്ല് കണ്ട് ഞെട്ടി യുവാവ്

Monday 01 April 2024 6:48 PM IST

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ നമ്മുടെ രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും വളരെ സജീവമായിക്കഴിഞ്ഞു. നിരവധിപേരാണ് ദിനംപ്രതി ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ഉപയോഗിക്കുന്നത്. സാധാരണ ടാക്‌സി, ഓട്ടോ സര്‍വീസുകളെക്കാള്‍ തുച്ഛമായ നിരക്കില്‍ യാത്ര ചെയ്യാമെന്നതാണ് ഈ സര്‍വീസുകളുടെ പ്രത്യേകത. എന്നാല്‍ വ്യത്യസ്ഥമായ രണ്ട് അനുഭവങ്ങളാണ് നോയിഡ, ബംഗളൂരു നഗരങ്ങളിലെ യാത്രക്കാര്‍ക്കുണ്ടായിരിക്കുന്നത്.

ഊബര്‍ ഓട്ടോയില്‍ പത്ത് കിലോമീറ്റര്‍ ബംഗളൂരുവില്‍ യാത്ര ചെയ്ത യുവാവിന് ബില്ല് വന്നത് ഒരു കോടി രൂപ. നഗരത്തില്‍ 10 കിലോമീറ്റര്‍ ഓട്ടോ റൈഡിന് ഊബര്‍ ഒരു കോടി രൂപ ഈടാക്കിയതായിട്ടാണ് ആക്ഷേപം. കെആര്‍ പുരത്തെ ടിന്‍ ഫാക്ടറിയില്‍ നിന്ന് കോറമംഗലയിലേക്ക് പോകുന്നതിനായി താനും ഭാര്യ മാനസയും ആപ്പ് ഉപയോഗിച്ച് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തതായി ശ്രീരാജ് നിലേഷ് പറയുന്നു. 207 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തി പണമടയ്ക്കാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ 1,03,11,055 രൂപയുടെ ബില്ല് ലഭിച്ചത്.

ബില്ല് കണ്ട് ഓട്ടോ ഡ്രൈവര്‍ പോലുംഞെട്ടിപ്പോയി. സംഭവത്തില്‍ ഊബറിന്റെ കസ്റ്റമര്‍ കെയര്‍ പ്രതികരിച്ചിട്ടില്ലെന്നും യാത്രക്കാരന്‍ പറയുന്നു. 62 രൂപയുടെ നിരക്ക് നിശ്ചയിച്ച് ഊബര്‍ ഓട്ടോയില്‍ സഞ്ചരിച്ച നോയിഡ സ്വദേശിക്കാണ് കഴിഞ്ഞദിവസം 7.66 കോടിയുടെ ബില്ല് ലഭിച്ചത്. വെയിറ്റിംഗ് ചാര്‍ജും ജി.എസ്.ടി.യും ചേര്‍ത്താണ് ഏഴുകോടി രൂപ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യാത്രക്കാരനാണ് നോയിഡയില്‍ കോടികളുടെ ബില്ല് കണ്ട് ഞെട്ടിയത്.

സംഭവം മറ്റൊരാള്‍ സമൂഹമാദ്ധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ ഊബര്‍ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.