മാജിക് ഫ്രെയിംസിന്റെ ചിത്രത്തിൽ ദിലീപ്

Tuesday 02 April 2024 6:02 AM IST

ചിത്രീകരണം ഈ മാസം

നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകൻ. ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം മദ്ധ്യത്തിൽ കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലായി ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീപ് ഭാഗമാകുന്നത് ആദ്യമായാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ രചനയും ഷാരിസ് മുഹമ്മദാണ് നിർവഹിച്ചത്. ചിത്രത്തിൽ ദിലീപ് സാധാരണക്കാരനായാണ് എത്തുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ എത്തിയേക്കും. താരനിർണയം പുരോഗമിക്കുകയാണ്. അതേ സമയം പവി കെയർ ടേക്കർ ആണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രിൽ 26ന് ചിത്രം റിലീസ് ചെയ്യും. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പുതുമുഖ നായികമാർ. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി വൻതാര നിരതന്നെ അണി നിരക്കുന്നുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്കുശേഷം രാജേഷ് രാഘവൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് .ഛായാഗ്രഹണം സനു താഹിർ.

Advertisement
Advertisement