വ്യാജരേഖ ചമച്ച് പ്രവാസിയെ വഞ്ചിച്ച മകനും പിതാവിനുമെതിരെ കേസ്

Tuesday 02 April 2024 1:51 AM IST

ചാവക്കാട്: ബിസിനസ് തുടങ്ങുന്നതിനായി സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജരേഖ ചമച്ചും പ്രവാസിയിൽനിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പിതാവിനും മകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പോർക്കുളം തോട്ടുപുറത്ത് വീട്ടിൽ ഹരീഷ് കൊടുത്ത പരാതിയിൽ കരിക്കാട് വള്ളോക്കടവത്ത് വീട്ടിൽ സാലിഹ് സിറാജ്, പിതാവായ സിറാജുദീൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവിട്ടത്. പ്രവാസിയായ ഹരീഷ് നാട്ടിൽ സംരംഭം ആരംഭിക്കുന്നതിനായി പ്രതിയായ സാലിഹ് സിറാജ് തന്റെ പിതാവിനും ബന്ധുവിനും കൂടി അവകാശപ്പെട്ട സ്ഥലം ബിസിനസ് ആവശ്യത്തിനായി ലീസിനു നൽകി. കരാറിലേർപ്പെട്ട് രണ്ട് ലക്ഷത്തിൽപരം രൂപയും കൈപ്പറ്റി. കരാറിലേർപ്പെടുമ്പോൾ പ്രതികളുടെ ബന്ധുവിന്റെ കൂടി സമ്മതത്തോടെയാണെന്നും ബന്ധു ഒപ്പിട്ടതാണെന്നുമാണ് ഹരീഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് ഹരീഷ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകവേ ബന്ധുവിന്റെ ഒപ്പ് വ്യാജമാണെന്നും അതിനാൽ ഹരീഷ് തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ബിസിനസ്സിനു പെർമിറ്റ് നൽകരുതെന്നും അധികൃതർ മുമ്പാകെ അപേക്ഷ കൊടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് പോർക്കുളം പഞ്ചായത്തധികൃതർ പെർമിറ്റ് നിഷേധിക്കുകയും ചെയ്തു. പ്രതികളുമായുണ്ടാക്കിയ കരാർ വിശ്വസിച്ച് ബിസിനസിനായി വൻതുകകൾ ചിലവാക്കിയ ഹരീഷിന് ഇതിനെ തുടർന്ന് വൻ നഷ്ടം സംഭവിക്കുകയും അഡ്വക്കേറ്റുമാരായ സുജിത് അയിനിപ്പുള്ളി, എൽസ. യു. അംബ്രയിൽ എന്നിവർ മുഖേന കോടതിയെ സമീപ്പിക്കുകയായിരുന്നു.

Advertisement
Advertisement