അനധികൃതമായി പ്രവർത്തിച്ച കോഴിക്കട നഗരസഭാ പൂട്ടിച്ചു
ചെങ്ങന്നൂർ: പുത്തൻകാവ് ജംഗ്ഷനിൽ അനധികൃതമായി പ്രവർത്തിച്ച കോഴിയിറച്ചിക്കട നഗരസഭാ പൂട്ടി സീൽ ചെയ്തു. മണ്ണിട്ടുയർത്തിയ സ്ഥലത്ത് താത്ക്കാലികമായി നിർമ്മിച്ച ഷെഡിൽ പ്രവർത്തിച്ച കോഴിയിറച്ചിക്കടയാണ് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി സീൽ ചെയ്തത്.. ഇന്നലെ രാവിലെ കച്ചവടം ആരംഭിച്ചതിനെ തുടർന്ന് ജനങ്ങൾ സംഘടിച്ച് പ്രവർത്തനം നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. നേരത്തെ വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ മിനി സജൻ ഹൈക്കോടതിയുടെ പരിഗണനയിൽ കേസ് നിലവിലുള്ള സ്ഥലത്ത് കോഴിയിറച്ചിക്കട ആരംഭിക്കുന്നതിനെതിരെ സെക്രട്ടറി എം.എസ് ശ്രീരാഗിന് പരാതി നൽകിയിരുന്നു. സ്ഥലത്ത് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസും എത്തിയിരുന്നു. നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് നഗരസഭ ക്ലീൻസിറ്റി മാനേജർ എൽ.സലീം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രീതാ ചന്ദ്രൻ, പി.എസ് ശ്രീവിദ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കട അടച്ചുപൂട്ടി സീൽ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്. നഗരസഭ അധികൃതർ വരുന്നതുവരെ നാട്ടുകാർ കൗൺസിലർ മിനി സജന്റെ നേതൃത്വത്തിൽ സംഘടിച്ച് നിന്നു കട തുറന്ന് പ്രവർത്തിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. നിയമം ലംഘിച്ച് സ്ഥലത്ത് കോഴിക്കട പ്രവർത്തിക്കാൻ അനുമതി നൽകിയ വസ്തു ഉടമയുടെ വീട്ടുപടിയ്ക്കൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.