ഗ്യാൻവാപി നിലവറയിൽ പൂജ തുടരാൻ അനുമതി

Tuesday 02 April 2024 12:04 AM IST

 ജൂലായിൽ വാദമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ 'വ്യാസ് കാ തെഹ്ഖാന' നിലവറയിലെ പൂജ തുടരട്ടെയന്ന് നിലപാടെടുത്ത് സുപ്രീംകോടതി. പൂജയ്ക്ക് അനുമതി നൽകിയ വാരാണസി ജില്ലാക്കോടതിയുടെ നടപടിയിൽ അലഹബാദ് ഹൈക്കോടതി ഇടപെട്ടിരുന്നില്ല. തുടർന്ന് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്. ജൂലായിൽ വിശദ വാദം കേൾക്കും.

മസ്ജിദിൽ പ്രാർത്ഥനയും, നിലവറയിൽ പൂജയും തടസമില്ലാതെ നടക്കുന്നു. ഇരുകൂട്ടർക്കും തങ്ങളുടെ മതപരമായ പ്രാർത്ഥനകൾ നിർവഹിക്കാൻ തത്‌സ്ഥിതി തുടരുന്നതാണ് അഭികാമ്യമെന്ന് ബെഞ്ച് പറഞ്ഞു. സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഒരുമാറ്റവും പാടില്ല. മേഖലയുടെ ഗൂഗിൾ എർത്ത് ഇമേജുകളും പരിശോധിച്ചു.

നിലവറയിലേക്ക് പ്രവേശനം തെക്കുഭാഗത്തു കൂടിയാണ്. മസ്ജിദിലേക്ക് വടക്കുഭാഗത്തു നിന്നും. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ ശൈലേന്ദ്രകുമാർ പഥക് വ്യാസ് അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.

ഭോജ്ശാല സർവേയാകാം

ഖനനം പാടില്ല

അതേസമയം,​ മദ്ധ്യപ്രദേശിലെ ഭോജ്ശാല കമൽ മൗല മസ്ജിദ് തർക്കസ്ഥലത്തെ ആർക്കിയോളജിക്കൽ സർവേക്ക് സുപ്രീംകോടതി ഉപാധിവച്ചു. സൗർവേക്കൊപ്പം ഭൗതിക ഖനനം പാടില്ല. അതിന് സുപ്രീംകോടതിയുടെ മുൻകൂർ അനുമതി വാങ്ങണം. സർവേക്ക് ഉത്തരവിട്ട മദ്ധ്യപ്രദേശ് ഹൈക്കോടതി നടപടിക്കെതിരെ മസ്ജിദ് വെൽഫെയർ സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ എതിർകക്ഷിയായ ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസിന് അടക്കം നോട്ടീസ് അയയ്ക്കാനും ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സമുച്ചയം സരസ്വതീക്ഷേത്രമാണെന്നാണ് സംഘടനയുടെ വാദം.

Advertisement
Advertisement