ഭാരതരത്ന ചടങ്ങിൽ മോദി അനാദരവ് കാട്ടിയെന്ന് പ്രതിപക്ഷം

Tuesday 02 April 2024 12:09 AM IST

ന്യൂഡൽഹി: എൽ.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന സമ്മാനിച്ച സമയം പ്രധാനമന്ത്രി നരേന്ദ്രമോദി എഴുന്നേൽക്കാതെ കടുത്ത അനാദരവ് കാട്ടിയെന്ന് കോൺഗ്രസും ഡി.എം.കെയുമുൾപ്പെടെ പ്രതിപക്ഷം ആരോപിച്ചു.

പ്രധാനമന്ത്രി ഗോത്ര വനിതയായ രാഷ്ട്രപതിയെ ബോധപൂർവം അപമാനിച്ചെന്നാണ് ആക്ഷേപം. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ ക്ഷണിച്ചില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിലും രാഷ്ട്രപതിയെ കണ്ടില്ല. മോദിയുടെ അനാദരവ് പതിവാണെന്ന് കനിമൊഴി എം.പി പറഞ്ഞു. മോദി എഴുന്നേൽക്കാതിരുന്നത് ഭരണഘടനാ മൂല്യങ്ങളോടുള്ള അനാദരവാണെന്ന് 'ഇന്ത്യ' സഖ്യത്തിന്റെ റാലിയിൽ തേജസ്വി യാദവ് കുറ്റപ്പെടുത്തി.

നമ്മുടെ രാഷ്ട്രപതിയോടുള്ള കടുത്ത അനാദരവാണെന്ന് ഭാരതരത്ന സമ്മാനിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്സിൽ കുറിച്ചു. അദ്വാനിക്ക് ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയിൽവച്ചാണ് രാഷ്ട്രപതി ഭാരതരത്നം സമ്മാനിച്ചത്.

എന്നാൽ, രാഷ്ട്രപതിഭവന്റെ പ്രോട്ടോക്കോളാണ് മോദി പാലിച്ചതെന്ന് വിദഗ്ധർ പറയുന്നു. പ്രോട്ടോക്കോളനുസരിച്ച് രാഷ്ട്രപതി ഭാരതരത്നം സമ്മാനിക്കുമ്പോൾ സ്വീകർത്താവ് നിന്നുകൊണ്ട് ഏറ്റുവാങ്ങണം. ​ മറ്റ് അതിഥികൾ ഇരിക്കണം. സ്വീകർത്താവ് പ്രായമായവരോ അസുഖം ബാധിച്ചവരോ ആണെങ്കിൽ അവർക്ക് ഇരിക്കാമെന്നും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസ് സെക്രട്ടറിയായിരുന്ന അശോക് മാലിക് പറഞ്ഞു.

Advertisement
Advertisement