എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫിന്
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കാൻ എസ്.ഡി.പി.ഐ തീരുമാനിച്ചു. യു.ഡി.എഫിനു വേണ്ടി പ്രചാരണത്തിനിറങ്ങില്ല. കേരളത്തിൽ മത്സരിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരാതിരിക്കാനാണ് ദേശീയ പാർട്ടിയായ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. ജാതി സെൻസസ് നടത്തുമെന്നും സാമൂഹികനീതി ഉറപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ വാഗ്ദാനവും പിന്തുണയ്ക്ക് കാരണമാണ്. വിയോജിപ്പുകളുണ്ടെങ്കിലും യു.ഡി.എഫ് ഘടകകക്ഷിയെന്ന നിലയിൽ മുസ്ലീം ലീഗ്, കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും പിന്തുണ നൽകും. പതിനായിരം മുതൽ ഇരുപത്തേഴായിരം വോട്ടുകൾ വരെ ലോക്സഭാ മണ്ഡലങ്ങളിൽ തങ്ങൾക്കുണ്ട്.പിന്തുണ തേടി മുന്നണികളാരും ഒൗദ്യോഗികമായി സമീപിച്ചിട്ടില്ല. വ്യക്തിപരമായി സ്ഥാനാർത്ഥികൾ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥിയും പിന്തുണ അഭ്യർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു.
ചർച്ച ചെയ്യും: എം.എം. ഹസൻ
തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കണോയെന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. പിന്തുണതേടി എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് എറണാകുളം പ്രസ്ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം.
പറഞ്ഞു.
പിന്തുണയ്ക്കുന്നത് അവരുടെ കാര്യമാണ്. ആരുടെ വോട്ടിനോടും അയിത്തമില്ല. എസ്.ഡി.പി.ഐ വർഗീയ പാർട്ടിയാണോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. കരുവന്നൂർ ബാങ്കിലെ സി.പി.എം അക്കൗണ്ടുകൾ സംബന്ധിച്ച് ഇ.ഡി തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകിയത് ഒത്തുകളിയാണ്. സി.പി.എമ്മും ബി.ജെ.പിയും അന്തർധാര സജീവമാക്കാനാണ് ശ്രമിക്കുന്നത്. പിണറായി സർക്കാരിലെ മന്ത്രിമാരുടെ ചിത്രംവച്ച് കർണാടകത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി പ്രചാരണം നടത്തുന്നതും ധാരണയുടെ ഭാഗമായാണ്.
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സിറ്റിംഗ് സീറ്റിലാണ്. അദ്ദേഹം വടക്കേ ഇന്ത്യയിലാണ് മത്സരിക്കേണ്ടതെന്ന എൽ.ഡി.എഫിന്റെ അഭിപ്രായം ശരിയല്ല. അദ്ദേഹത്തിനെതിരെ സി.പി.ഐ ദേശീയ നേതാവിനെ ഇറക്കിയത് ഉചിതമായില്ല. ഉമ്മൻചാണ്ടിയുടെ കുടുംബം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിനെ സ്വാഗതംചെയ്യും. സ്ഥാനാർത്ഥികളുടെ ആവശ്യപ്രകാരം പ്രചാരണം നടത്തുന്നതിന് പ്രോത്സാഹനം നൽകും. ഡൽഹിയിലെ മഹാറാലിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പരിഭ്രാന്തിയിലായി. അവരുടെ ആത്മവിശ്വാസം നശിക്കുകയാണ്. എതിരാളികളെ കേസിൽ കുടുക്കിയും ജയിലിലടച്ചും ജയിക്കാമെന്ന മോഹം നടക്കില്ല. ഇന്ത്യ മുന്നണി 300 സീറ്റുകളുമായി അധികാരത്തിലെത്തും.
കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരായ വിധിയെഴുത്തായും തിരഞ്ഞെടുപ്പ് മാറുമെന്നുംഅദ്ദേഹം പറഞ്ഞു.