തിരഞ്ഞെടുപ്പ് പ്രചാരണം മുറുകി: വോട്ട് പിടിക്കാൻ ദേശീയ നേതാക്കളുമെത്തും
തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാസമർപ്പണം തുടങ്ങിയതോടെ വോട്ടുറപ്പിക്കാനായി കേരളത്തിലേക്ക് ദേശീയനേതാക്കളെത്തും. പലയിടത്തും മുന്നണികളും കുടുംബയോഗങ്ങൾക്കും തുടക്കമായി. പ്രചാരണം മുമ്പേ തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പര്യടനത്തിലാണ്. പതിവിൽ നിന്ന് വിപരീതമായി ഒരു നിയമസഭാ മണ്ഡലത്തിൽ മൂന്ന് ഘട്ടങ്ങളായാണ് പര്യടനം. എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോയുമുണ്ട്. യുവാക്കൾ, വനിതകൾ, ഐ.ടി പ്രൊഫഷണലുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്‌ക്വാഡുകളും വോട്ടുറപ്പിക്കാനെത്തും. ഒരു ബൂത്തിൽ 15 കുടുംബയോഗം സംഘടിപ്പിക്കാനാണ് നിർദ്ദേശം.
സി.പി.എം മത്സരിക്കുന്നയിടങ്ങളിൽ മണ്ഡലത്തിൽ രണ്ട് വീതം സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മറ്റിയംഗങ്ങൾക്കും ചുമതല നൽകിയിട്ടുണ്ട്. സി.പി.ഐ മത്സരിക്കുന്നിടത്ത് രണ്ട് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങൾക്കാണ് ചുമതല. മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനത്തിന് പുറമേ മറ്റെന്നാൾ മുതൽ ദേശീയ നേതാക്കളുമെത്തും. അടുത്തയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മണ്ഡലങ്ങളിലെ അവലോകന യോഗത്തിൽ പങ്കെടുക്കും.
യു.ഡി.എഫിന്റെ സ്‌ക്വാഡുകൾ 24 വരെ
ഒരു വീട്ടിൽ മൂന്നിലധികം തവണയാണ് യു.ഡി.എഫിന്റെ വോട്ടുതേടൽ. 24 വരെ സ്‌ക്വാഡുകൾ വീടുകളിൽ പ്രചാരണം തുടരും. ഒരു ബൂത്തിൽ രണ്ടിലധികം കുടുംയോഗങ്ങളും നടത്തും. സംസ്ഥാനത്താകെ 50,000 കുടുംബയോഗങ്ങളും സംഘടിപ്പിക്കും. സ്ഥാനാർത്ഥികൾ നേരിട്ട് വോട്ടഭ്യർത്ഥിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനിടയിൽ റോഡ് ഷോയടക്കമുള്ള പരിപാടികളും സ്ഥാനാർത്ഥി പര്യടനവും നടക്കും. മണ്ഡലത്തിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിക്ക് പുറമേ മുൻ സെക്രട്ടറിമാർക്കും നൽകിയിട്ടുണ്ട്. മിഷൻ 2024 എന്ന നിലയിൽ ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള നേതാക്കൾക്ക് പുറമേയാണിത്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മത്സരിക്കുന്നതിനാൽ പ്രചാരണങ്ങളുടെ അവലോകനം പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് നിർവഹിക്കുന്നത്. 20 മണ്ഡലങ്ങളിലും ആദ്യഘട്ട അവലോകന യോഗങ്ങളും പൂർത്തിയാക്കി. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സച്ചിൻ പൈലറ്റ് തുടങ്ങിയവരെല്ലാം പ്രചാരണത്തിനെത്തും.
ബൂത്തുതല പ്രവർത്തനങ്ങളുമായി ആർ.എസ്.എസ്
20 മണ്ഡലങ്ങളിലും സ്‌ക്വാഡ് പ്രവർത്തനത്തിനാണ് എൻ.ഡി.എയും മുൻതൂക്കം നൽകുന്നത്. ബൂത്തുതല പ്രവർത്തനം ആർ.എസ്.എസ് നേരിട്ട് ഏകോപിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. കൂടാതെ കുടുംബയോഗങ്ങളും സംഘടിപ്പിക്കും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കുന്ന വയനാട്ടിൽ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജീവ് ചന്ദ്രശേഖറിന്റെ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി എസ്. ജയശങ്കറുമെത്തും. പ്രധാനമന്ത്രിയടക്കം വിവിധ നേതാക്കൾ എത്തുമ്പോൾ റോഡ് ഷോകളും സംഘടിപ്പിക്കും. ബി.ജെ.പിയുടെ രണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കാണ് മണ്ഡലങ്ങളുടെ ചുമതല. പ്രവർത്തനം വിലയിരുത്താൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുമുണ്ട്.