ഇ.ഡി.ഗുണ്ടാപ്പിരിവുകാരായി: എം.വി.ഗോവിന്ദൻ

Tuesday 02 April 2024 1:38 AM IST

കോഴിക്കോട്: സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ പിടിച്ചോട്ടെയെന്നും ഇ.ഡി ഗുണ്ടാപ്പിരിവുകാരായെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇ.ഡി ആദ്യം പോയി ഭീഷണിപ്പെടുത്തും. വഴങ്ങുന്നില്ലെങ്കിൽ പിന്നെയാണ് കടന്നാക്രമണം. ഗുണ്ടാപ്പിരിവിന്റെ ഭാഗമായി ഭീഷണിപ്പെടുത്തുമ്പോൾ തന്നെ ഇലക്ഷൻ ഫണ്ട് വാങ്ങുന്നു. 9000 കോടിയാണ് ഇങ്ങനെ വാങ്ങിയത്. സി.പി.എമ്മിന് രഹസ്യ ഫണ്ടുണ്ടെന്നാണ് പറയുന്നത്. എല്ലാ ഫണ്ടുകളും പരസ്യമാണ്. കൃത്യമായി ഇലക്ഷൻ കമ്മിഷന് കണക്കുകൊടുക്കുന്നുണ്ട്. അശോക് ചൗഹാനെ പോലുള്ളവരെ ഭയപ്പെടുത്തിയാൽ മതിയെന്നും അദ്ദേഹംപറഞ്ഞു.

കള്ളത്തരം പ്രചരിപ്പിച്ച് കെജ്‌രിവാളിനെ പോലുള്ളവരെ അറസ്റ്റുചെയ്ത ഇ.ഡിക്കും കേന്ദ്രസർക്കാരിനും ആരെയാണ് അറസ്റ്റ്ചെയ്യാനാവാത്തത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് അസാധാരണ സാഹചര്യമല്ല, അതൊന്നും കേരളത്തിൽ കൊണ്ടുവന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സർക്കാരിനെയും തകർക്കാമെന്ന് കരുതേണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

റിയാസ് മൗലവി കേസിൽ അന്വേഷണം മികവുറ്റ രീതിയിൽ നടന്നതാണ്. ജഡ്‌ജിമാരുടെ ആത്മനിഷ്‌ഠ ഘടകം കൂടി ചേരുന്നതാണ് വിധി. കുടുംബത്തിന് ആവശ്യമായ സഹായം സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Advertisement
Advertisement