ജയിലിൽ രാമായണം വായിച്ച് കേജ്‌രിവാൾ
ന്യൂഡൽഹി: മദ്യനയക്കേസിൽ ഈമാസം 15 വരെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടതി അനുമതിയോടെ മൂന്ന് പുസ്തകങ്ങൾ കൂടെക്കൊണ്ടുപോയി. ഭഗവദ്‌ഗീത, രാമായണം, നീരജ ചൗധരി രജിച്ച 'ഹൗ പ്രൈംമിനിസ്റ്റേസ് ഡിസൈഡ് ' എന്നിവയാണ് പുസ്തകങ്ങൾ.
മുഖ്യമന്ത്രി എന്ന നിലയിൽ കേജ്‌രിവാളിന് ജയിലിൽ പ്രത്യേക സൗജന്യങ്ങൾ ലഭിക്കും. നിശിചിത സമയത്ത് ടെലിവിഷൻ കാണാം. വാർത്ത, വിനോദം, കായികം ഉൾപ്പെടെ ഇരുപത് ചാനലുകളാണ് അനുവദിച്ചത്.
ജയിലിൽ 24 മണിക്കൂറും ഡോക്ടറുറടെ സേവനം കിട്ടും. കടുത്ത പ്രമേഹരോഗിയാണ് കേജ്‌രിവാൾ. അദ്ദേഹത്തിന് പ്രത്യേക ഭക്ഷണക്രമം വേണമെന്ന് അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു കോടതി അനുമതി നൽകി. വീട്ടിൽ പാചകം ചെയ്ത ഭക്ഷണവും കുപ്പിയിൽ കുടിവെള്ളവും ജയിലിലെത്തിക്കും. വീട്ടിൽ ഉപയോഗിച്ചിരുന്ന കിടക്കയും തലയിണകളും പുതപ്പും കൈമാറി. പ്രമേഹം നിയന്ത്രണത്തിൽ അല്ലാത്തതിനാൽ മിഠായിയും ഉപയോഗിക്കാം. ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ ഉപകരണവും ജയിൽ മുറിയിലുണ്ട്. ഭാര്യ സുനിതയ്ക്ക് കേജ്‌രിവാളിനെ സന്ദർശിക്കാം. സിറ്റിംഗ് മുഖ്യമന്ത്രിയായതിനാൽ മറ്റു സന്ദർശകരെ അനുവദിക്കുമോയെന്നത് നിർണായകമാണ്.
രാവിലെ ആറരയ്ക്ക് തടവുകാർ എഴുന്നേൽക്കണം. ചെറുവ്യായാമവും കുളിയും കഴിഞ്ഞാൽ പ്രഭാതഭക്ഷണം. 11നാണ് ഉച്ചഭക്ഷണം. നാല് മണിക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താം. വൈകിട്ട് അഞ്ചരയ്ക്കാണ് അത്താഴം. ഏഴ് മണിക്ക് മുമ്പ് വീണ്ടും സെല്ലിലടയ്ക്കും.
4 ആം ആദ്മി നേതാക്കളും
കവിതയും തിഹാറിൽ
തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കേജ്‌രിവാൾ. സുഹൃത്തും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലുണ്ട്. ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഏഴാം നമ്പർ ജയിലിലും സഞ്ജയ് സിംഗ് എം.പി അഞ്ചാം നമ്പർ ജയിലിലും കഴിയുകയാണ്. ഇതേ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയും തിഹാറിലുണ്ട്. വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലാണ് കവിത. ഇതിൽ സിസോദിയയും സഞ്ജയ് സിംഗും മദ്യനയക്കേസിലാണെങ്കിൽ സത്യേന്ദർ ജെയ്ൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ജയിലിൽ കഴിയുന്നത്.