രാഹുലിന്റെ 'മാച്ച് ഫിക്‌സിംഗ്' : തിര.കമ്മിഷന് ബി.ജെ.പി പരാതി

Tuesday 02 April 2024 12:08 AM IST

ന്യൂഡൽഹി:രാംലീല മൈതാനിയിൽ 'ഇന്ത്യ' റാലിക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'മാച്ച് ഫിക്സിംഗ്'പരാമർശങ്ങൾ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

രാഹുൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, തിരഞ്ഞെടുപ്പിലെ നിഷ്‌പക്ഷത , വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികത, രാജ്യത്തെ നിയമങ്ങൾ, ആരോഗ്യകരമായ ജനാധിപത്യ കൺവെൻഷനുകൾ, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയെ ചോദ്യം ചെയ്യുന്നു, കള്ളം പറയുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾയ

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് തുടങ്ങിയവരാണ് പരാതിക്കാർ.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേന്ദ്രസർക്കാർ സ്വന്തം ആളുകളെ നിയോഗിച്ചെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുമെന്നുമാണ് 'മാച്ച് ഫിക്‌സിംഗ്' പരാമർശത്തിലൂടെ രാഹുൽ ഗാന്ധി ആരോപിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഭരണഘടന റദ്ദാക്കുമെന്നും പറഞ്ഞു. തെറ്റായ ആരോപണങ്ങളുടെ പേരിൽ രാജ്യത്തോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നിരുപാധികം പരസ്യമായി മാപ്പ് പറയാൻ രാഹുൽ ഗാന്ധിയോട് നിർദ്ദേശിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

സുപ്രിയയ്‌ക്കും ദിലീപ് ഘോഷിനും മുന്നറിയിപ്പ്

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ പരാമർശത്തിന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷിനും ഹിമാചൽ പ്രദേശിലെ ബി.ജെ.പി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണൗട്ടിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്.

ഇവരുവരും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയതായി ബോധ്യപ്പെട്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത് പെരുമാറ്റച്ചട്ട ലംഘനമാണ്. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുമ്പോൾ പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും. ഇതുസംബന്ധിച്ച് നേതാക്കൾക്ക് നിർദ്ദേശം നൽകാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയോടും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയോടും കമ്മിഷൻ ആവശ്യപ്പെട്ടു.

Advertisement
Advertisement