വെടിക്കെട്ടിന് പെസോ മാനദണ്ഡം കാക്കണം
- ഫയർ ലൈനിൽ നിന്ന് 100 മീറ്റർ അകലെ ബാരിക്കേഡ് വേണം
തൃശൂർ: സുരക്ഷ, ക്രമസമാധാന പരിപാലനം എന്നിവ ഉറപ്പാക്കാനും പെസോ മാർഗനിർദ്ദേശം (പെട്രോളിയം ആൻഡ് എക്സ്‌പ്ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ) കർശനമായി പാലിച്ച് പൂരം വെടിക്കെട്ട് നടത്താനും തീരുമാനം. തൃശൂർ പൂരം ഒരുക്കം വിലയിരുത്താൻ കളക്ടർ വി.ആർ.കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
ഫയർലൈനിൽ നിന്ന് നൂറ് മീറ്റർ അകലെ ബാരിക്കേഡ് നിർമ്മിച്ച് കാണികളെ സുരക്ഷിതമായി നിറുത്തണം. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവയും വെടിക്കെട്ട് സാമഗ്രികളിൽ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുത്. അനുഭവ പരിജ്ഞാനമുള്ളവരെ മാത്രം നിയോഗിക്കണം. ക്രമസമാധാന പാലനത്തിന് അയൽജില്ലകളിൽ നിന്നുൾപ്പെടെ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കും. പൂരദിവസങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. പൂരപ്പറമ്പിൽ ഹെലികാം/ഡ്രോൺ അനുവദിക്കില്ല. പൊലീസ് കൺട്രോൾ റൂമും മിനി പൊലീസ് ഫെസിലിറ്റേഷൻ എയ്ഡും സജ്ജമാക്കും. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിന് തൃശൂർ കോർപ്പറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാർക്ക് നിർദ്ദേശം നൽകി. പൂരപ്പറമ്പിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ മാറ്റി സംരക്ഷിക്കും. മാലിന്യശേഖരണത്തിന് അധിക ബിന്നുകൾ സ്ഥാപിക്കും. പൂരപറമ്പിലെ കുഴികളും മറ്റും അടച്ച് നിരപ്പാക്കും. പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, അസി. കളക്ടർ കാർത്തിക് പാണിഗ്രാഹി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ആനക്കാര്യം പ്രധാനം
കൃത്യമായ ആന പരിപാലന പദ്ധതി തയ്യാറാക്കാനും എലിഫെന്റ് സ്‌ക്വാഡ് രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം. പൂരം ദിവസങ്ങൾക്ക് മുന്നോടിയായി നാട്ടാനപരിപാലന ചട്ട പ്രകാരം സമയബന്ധിതമായി ആനകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തണം. ജില്ലാ മൃഗസംരക്ഷണ വകുപ്പിനും വെറ്ററിനറി വിഭാഗത്തിനും ചുമതല.
വേനലിനെ ചെറുക്കാൻ ആരോഗ്യസംഘം
സൂര്യാഘാതം, നിർജ്ജലീകരണം, മറ്റ് അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യസംഘം.
ആവശ്യമായ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സൗകര്യം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും മായം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് തേക്കിൻകാട് മൈതാനിയിലെ ഫയർ ഹൈഡ്രന്റ് പ്രവർത്തനം സംബന്ധിച്ച് ജില്ലാ ഫയർ ഓഫീസർക്കും മണ്ണെണ്ണ, പെട്രോൾ പമ്പുകൾ കാലിയാക്കി അടച്ചിടുന്നതിന് ജില്ലാ സപ്ലൈ ഓഫീസർക്കും നിർദ്ദേശം
പൂർണമായും ഹരിതച്ചട്ടം പാലിക്കും
ആവശ്യത്തിന് ഇ ടോയ്‌ലറ്റുകൾ
ദാ, എത്തി പൂരം !
പൂരം കൊടിയേറ്റം 13ന്
സാമ്പിൾ വെടിക്കെട്ട് 17ന്
പൂരവിളംബരം 18ന്
തൃശൂർ പൂരം 19ന്