ബാബ രാംദേവിന്റെ മാപ്പപേക്ഷ ഹൃദയത്തിൽ നിന്നുളളതല്ല, സത്യവാങ്മൂലം നിരസിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ പതഞ്ജലി ആയുർവേദ ബ്രാൻഡ് അംബാസഡർ ബാബ രാംദേവിന്റെ മാപ്പപേക്ഷിച്ചുളള സത്യവാങ്മൂലം നിരസിച്ച് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് രാംദേവ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കൊപ്പമാണ് കോടതിയിൽ ഇന്ന് ഹാജരായത്. ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി,അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേസ് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇരുവരോടും ഇന്ന് ഹാജരാകാൻ കോടതി മുൻപ് തന്നെ നിർദ്ദേശിച്ചിരുന്നു. ഹൃദയത്തിൽ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമർപ്പിച്ച സത്യവാങ്‌മൂലം അംഗീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത്. അതേസമയം, സത്യവാങ്‌മൂലം അംഗീകരിക്കാത്ത സാഹചര്യത്തിൽ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നൽകിയത്. നിയമവാഴ്ചയോട് വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ ബാലകൃഷ്ണ പറഞ്ഞു. ജനങ്ങളിലുണ്ടാകുന്ന ജീവിതശൈലി രോഗങ്ങൾക്കുവേണ്ടി ആയുർവേദത്തിന്റെ സഹായത്തോടെ പതഞ്ജലി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാമെന്ന ബോധമാണ് കമ്പനിയുണ്ടാക്കുന്നതെന്നാണ് ബാലക്യഷ്ണ സത്യവാങ്മൂലത്തിൽ പറഞ്ഞത്.
അതേസമയം,കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. അതിന് മുൻപ് എല്ലാ മറുപടികളും സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്നേദിവസം ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്നും കോടതി പറഞ്ഞു.