'ബിജെപിയിൽ ചേർന്നാൽ 25 കോടി, അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ അറസ്റ്റ്'; ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് ആം ആദ്‌മി
ന്യൂഡൽഹി: ഡൽഹി സർക്കാരിനെ ഇല്ലാതാക്കാൻ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്ന ആരോപണവുമായി ആം ആദ്‌മി നേതാവും മന്ത്രിയുമായ അതിഷി മർലീന. ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദമുണ്ടെന്നും ഈ ആവശ്യവുമായി സുഹൃത്ത് വഴി ബിജെപി തന്നെ സമീപിച്ചെന്നും അവർ ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അതിഷിയുടെ വെളിപ്പെടുത്തൽ.
'രാഷ്ട്രീയഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ലഭിച്ച ഓഫർ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇഡി അറസ്‌റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആം ആദ്മി പിളരില്ല. ഭീഷണിപ്പെടുത്തിയാലും ബിജെപിയിൽ ചേരില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുർഗേജ് പാഠക് എന്നിവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. ' - അതിഷി പറഞ്ഞു.
#WATCH | When asked whether Delhi CM Arvind Kejriwal will resign from his post, Delhi Minister and AAP leader Atishi says, "There are two constitutional and legal provisions related to this in our country. Representation of the People Act says that if you have a conviction for… pic.twitter.com/niP7CRlrFS
— ANI (@ANI) April 2, 2024
ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമം ആരംഭിച്ചെന്ന് എഎപി നേതാവ് ഋതുരാജ് ഝായും നേരത്തേ വെളിപ്പെടുത്തിയിരുന്നു. പത്ത് എഎപി എംഎൽഎമാരെ അടർത്തിയെടുത്ത് കൊണ്ടുവന്നാൽ ഓരോരുത്തർക്കും 25 കോടി രൂപ വീതം നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്നായിരുന്നു ഝായുടെ ആരോപണം. ആം ആദ്‌മി സർക്കാരിനെ തകർത്ത് പുറത്തുവന്നാൽ ഡൽഹിയിലെ ബിജെപി സർക്കാരിൽ മന്ത്രിപദം നൽകാമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഝായുടെ ആരോപണം.
രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന അഭ്യൂഹം മാത്രമായിരുന്നു ഇത്രനാൾ ഉണ്ടായിരുന്നത്. എന്നാൽ, ബിജെപി ഓപ്പറേഷൻ താമര ആരംഭിച്ചുകഴിഞ്ഞു. പക്ഷേ, ഒരു എംഎൽഎ പോലും എഎപി വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേജ്‌രിവാളിന്റെ അറസ്റ്റിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എഎപി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഡൽഹി എംഎൽഎയും ബിജെപി വക്താവുമായ അഭയ് വർമ്മ പറഞ്ഞു.