ഡൽഹി മദ്യനയ കേസ്; ആം ആദ്‌മിക്ക് ആശ്വാസം, എംപി സഞ്ജയ് സിംഗിന് ആറുമാസങ്ങൾക്ക് ശേഷം ജാമ്യം

Tuesday 02 April 2024 3:06 PM IST

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് ആറുമാസങ്ങൾക്ക് ശേഷം ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ തിഹാർ ജയിലിലാണ് സഞ്ജയ് സിംഗ് കഴിയുന്നത്. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടരാനും കോടതി അനുമതി നൽകിയിട്ടുണ്ട്. സഞ്ജയ് സിംഗിന് ജാമ്യം നൽകുന്നതിനെ ഇഡി കോടതിയിൽ എതിർത്തില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയകേസിൽ പ്രതി ചേർക്കപ്പെട്ട വ്യവസായിയായ ദിനേഷ് അറോറ സഞ്ജയ് സിംഗിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വസതിയിൽ വച്ച് കണ്ടിരുന്നതായി ഇഡിയുടെ കുറ്റപത്രത്തിൽ ഉണ്ട്.

ഒരു പരിപാടിയിൽ വച്ച് സഞ്ജയ് സിംഗിനെ കണ്ടിരുന്നതായും തുടർന്നാണ് മുൻ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുമായി അടുപ്പത്തിലായതെന്നും ദിനേഷ് ഇഡിക്ക് മൊഴി നൽകിയിരുന്നു. ഇഡി റിപ്പോർട്ട് അനുസരിച്ച് മനീഷ് സിസോദിയയുടെ 'അൺപ്ലഗ്ഡ് കോർട്ട്യാർഡ്" എന്ന റെസ്റ്റോറന്റിൽ വച്ച് നടന്ന ഒരു വിരുന്നിനിടയിലാണ് പ്രതിയായ ദിനേഷ് അറോറയും സഞ്ജയ് സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്.

തിരഞ്ഞെടുപ്പിനുളള പണസമാഹാരത്തിനായി എം പിയുടെ നിർദ്ദേശപ്രകാരം ദിനേഷ് പല റെസ്റ്റോറന്റ് ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും പണം വാങ്ങുകയും ചെയ്തിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 32 ലക്ഷം രൂപയാണ് സിസോദിയക്ക് ദിനേഷ് കൈമാറിയത്. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട ദിനേഷിന്റെ ഒരു പ്രശ്നം സഞ്ജയ് സിംഗ് പരിഹരിച്ചതായും ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ 10 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തത്.