ഇരുട്ടിൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ്; ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാതെ അധികൃതർ
ആറ്റിങ്ങൽ: നിരവധി യാത്രക്കാരെത്തുന്ന ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി.രാത്രിയാൽ ബസ് സ്റ്റാൻഡും പരിസരവും കൂരിരുട്ടിലാകും. അവിടവിടെ നേരിയ വെളിച്ചം മാത്രം. രാത്രിയായാൽ ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തണമെങ്കിൽ കൈയിൽ ടോർച്ചും കുറുവടിയും കരുതേണ്ട അവസ്ഥയാണിപ്പോൾ.
എം.പിയും,എം.എൽ.എയും മത്സരിച്ച് മറ്റിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചപ്പോഴും നഗരസഭയുടെ കീഴിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനെ ബോധപൂർവം ഒഴിവാക്കിയെന്നാണ് യാത്രക്കാർ പറയുന്നത്.സ്റ്റാൻഡിൽ തെരുവ് നായ് ശല്യവും രൂക്ഷമാണ്.സ്റ്റാൻഡിൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ അവസാന സർവീസ് തീരുന്നതുവരെ എയ്ഡ് പോസ്റ്ര് പ്രവർത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.പിയും,എം.എൽ.എയും തുക അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
200 ലേറെ ബസുകൾ
നിത്യവും 200ൽ അധികം സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ വന്നുപോകുന്നത്. പുലർച്ചെ ആരംഭിക്കുന്ന സർവീസുകളിൽ പലതും രാത്രി വൈകിയാണ് അവസാനിക്കുന്നതും. ചിലത് അടുത്ത ജില്ലയിലും പ്രവേശിച്ചശേഷമാണ് മടങ്ങിയെത്തുന്നത്.
ബുദ്ധിമുട്ടി സ്ത്രീകൾ
നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും ടെക്സ്റ്റയിൽസ് ഷോപ്പുകളിലും മറ്റിടങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾ രാത്രിയിൽ ഇവിടെ ബസ് കാത്തുനിൽക്കുമ്പോൾ സാമൂഹ്യവിരുദ്ധ ശല്യവും ഉണ്ടാകാറുണ്ടെന്ന് പരാതിയുണ്ട്.ബസ് കാത്തിരിക്കാനുള്ള ഇരിപ്പിടത്തിൽ മദ്യപാനവും മദ്യപ ശല്യവുമുണ്ടെന്നും പറയുന്നു. ബസ് സ്റ്റാൻഡിനുള്ളിലെ അടഞ്ഞുകിടക്കുന്ന കടകൾക്കിടയിലും ഒഴിഞ്ഞ ഇടനാഴിയിലും ലഹരി സംഘങ്ങളുടെ ശല്യവുമുണ്ട്.
ക്യാമറയുണ്ട്, പക്ഷെ...
അതിക്രമം തടയാൻ സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത് കൊണ്ട് പൊലീസും ഈ വഴി തിരിഞ്ഞ് നോക്കാറില്ലെന്ന് സ്ത്രീ യാത്രക്കാർ പറയുന്നു. എന്നാൽ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോന്ന് ആർക്കും അറിയില്ല.