ഓർമ്മകളുടെ ആട്ടുകട്ടിലിൽ പുതൂർ

Wednesday 03 April 2024 12:28 AM IST

എഴുത്തുകാരൻ ഉണ്ണിക്കൃഷ്ണൻ പുതൂർ വിട പറഞ്ഞിട്ട് പത്താണ്ട് പിന്നിടുമ്പോൾ

പത്ത് വർഷം മുൻപ് ഏപ്രിൽ രണ്ടിന് ഉണ്ണിക്കൃഷ്ണൻ പുതൂർ മണ്ണോട് ചേരുമ്പോൾ, ഒരു റെക്കാഡ് അവശേഷിപ്പിച്ചിരുന്നു. എഴുന്നൂറിലേറെ കഥകൾ എഴുതി പ്രസിദ്ധീകരിച്ച കാഥികൻ! അങ്ങനെയാെരാൾ ഇന്ത്യൻ എഴുത്തുകാരിൽ ഇല്ലെന്നാണ് പറയുന്നത്. എന്തായിരിക്കാം പുതൂരിൽ നിന്നുള്ള കഥകളുടെ ലാവാപ്രയാണത്തിന് കാരണം? ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ച് ജീവിതത്തിന്റെ നാനാത്വങ്ങളിൽ മുങ്ങിക്കുളിച്ചതുകൊണ്ടാണോ? സാഹിത്യ - സാംസ്കാരിക - സാമൂഹിക - രാഷ്ട്രീയ രംഗത്ത് പുതൂർ കെെവയ്ക്കാത്ത മേഖലകൾ ഇല്ലാത്തതിനാലാണാേ? എന്തായാലും അദ്ദേഹം ഗുരുവായൂരിന്റെ മാത്രം കഥാകാരനല്ല. കേരളത്തിന്റേതുമല്ല. ഇന്ത്യൻ എഴുത്തുകാരൻ എന്ന നിലയിൽ തന്നെ വേണം പുതൂരിനെ ഓർക്കാൻ.

രാഷ്ട്രീയ പ്രവർത്തകൻ, ട്രേഡ് യൂണിയൻ നേതാവ്, പ്രാസംഗികൻ, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം, പത്രപ്രവർത്തകൻ, സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാഡമി എക്സിക്യൂട്ടീവ് മെമ്പർ, ഗുരുവായൂർ നഗരസേവാ സമിതി സെക്രട്ടറി നാടാകെ പടർന്നു പന്തലിച്ച ബഹുമുഖ വ്യക്തിത്വം കഴിഞ്ഞ പത്തു വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ എത്ര കഥകൾ പിറക്കുമായിരുന്നു? അദ്ദേഹം ഇന്ന് ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ജൂലായ് 15ന് നവതി പിന്നിടുമായിരുന്നു. ആ നഷ്ടം പകരമില്ലാത്തതാകുന്നു. പതിനഞ്ചോളം നോവലുകൾ, ലേഖന സമാഹാരങ്ങൾ, കവിതാ സമാഹാരങ്ങൾ, ആത്മകഥ... കഥകളോടൊപ്പം അങ്ങനെ കുറേ നാഴികക്കല്ലുകൾ ശേഷിക്കുന്നു.

കൊമ്പും തുമ്പിക്കെെയുമായി നിരന്നു നിന്ന അറുപതുകളിലെ എഴുത്തുകാരുടെ ഇടയിലേക്ക് ചവിട്ടിമെതിച്ച് കടന്നുവന്ന ഒരൊറ്റക്കൊമ്പനായിരുന്നു ഉണ്ണിക്കൃഷ്ണൻ പുതൂർ. എഴുത്തുകാരുമായും രാഷ്ട്രീയക്കാരുമായുമെല്ലാം നിലപാടുകളുടെ പേരിൽ കലഹിച്ചു. ധിക്കാരിയെന്നും പിടിവാശിക്കാരനെന്നും വിളിച്ചവരെല്ലാം പിന്നീട് അദ്ദേഹത്തെ സ്നേഹിച്ചു, ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്റെ ഹൃദയ നെെർമല്യമുണ്ടായിരുന്നു ജാനകിസദനത്തിലെ ഉണ്ണിക്കൃഷ്ണനെന്ന് അവർ പറഞ്ഞു. വിപ്ളവാഭിമുഖ്യവും ഗുരുവായൂരപ്പനോടുള്ള പരമഭക്തിയും പോലെ ആ ദ്വെെതമുഖം തിരിച്ചറിഞ്ഞു.

ജീവിതഗന്ധിയും

ആനച്ചൂരും

ജീവിതത്തിന്റെ നേർക്കണ്ണാടിയായ കഥകൾ സാഹിത്യത്തിലെ സിദ്ധാന്തങ്ങൾക്കും വാദങ്ങൾക്കുമെല്ലാം

ജീവിതഗന്ധിയായി തന്നെ പകർത്തുകയായിരുന്നു പുതൂർ. ഗുരുവായൂർ കേശവൻ എന്ന ചിത്രത്തിന്റെ കഥ പുതൂരിന്റേതായിരുന്നു. ഗജരാജൻ കേശവൻ എന്ന ടെലിഫിലിമിന്റെ കഥയും അദ്ദേഹമാണ് നിർവഹിച്ചത്. ആനപ്പക എഴുതിയതും മറ്റാരുമല്ല. അതെ, കഥകളിൽ ആനച്ചൂരുമുണ്ടായിരുന്നുവെന്ന് ചുരുക്കം. ജീവിതത്തിലെ കയ്പും മധുരവുമുള്ള മുഹൂർത്തങ്ങളിൽ പുതൂർ ഹരം കൊണ്ടു. അതെല്ലാം കഥകളായി. അതുകൊണ്ടു തന്നെ കഥയ്ക്ക് ആനക്കൊമ്പിന്റെ കരുത്തും മൂർച്ചയും കൂടി. ജീവിതാനുഭവങ്ങൾ എഴുത്തിൽ പരന്നു.

ആദ്യ കഥാസമാഹാരം 'കരയുന്ന കാല്പാടുകൾ' ആയിരുന്നു. ആദ്യ നോവലായ ബലിക്കല്ലിന് 1968ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. മൂന്ന് പതിറ്റാണ്ട് ഗുരുവായൂരിലെ ജീവനക്കാരനായി തുടർന്ന അദ്ദേഹം, 1987ൽ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പ് മേധാവിയായി വിരമിച്ചു. 2014 ഏപ്രിൽ 2ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അദ്ദേഹം യാത്രയാകുന്നത്.

മരണത്തിന് കീഴടകിയപ്പോഴും അദ്ദേഹത്തിന്റെ ആകെയുള്ള സമ്പാദ്യം പുസ്തകങ്ങളായിരുന്നു. ആട്ടുകട്ടിൽ, നാഴികമണി, അമൃതമഥനം, ധർമചക്രം, മനസ്സേ ശാന്തമാകൂ, ജലസമാധി, ഡെെലൻ തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, മകന്റെ ഭാഗ്യം, പുതൂരിന്റെ കഥകൾ...അങ്ങനെ സ്വന്തം പുസ്തകങ്ങൾ കൊണ്ടു തന്നെ വീട് നിറഞ്ഞിരുന്നു. ആ പുസ്തകങ്ങളോടൊപ്പം ഒരു ദശകത്തിനിപ്പുറം ഓർമ്മകളും വന്നു നിറയുകയാണ്....

Advertisement
Advertisement