ഇ-പോസ് തകരാർ ശാസ്വത പരിഹാരം വേണം

Wednesday 03 April 2024 12:54 AM IST

സാങ്കേതികവിദ്യയുടെ പുരോഗതി ജനസേവനത്തിന് കൂടുതൽ കാര്യക്ഷമതയും വേഗവും പ്രദാനം ചെയ്യുമെന്നാണ് പൊതുവേ കരുതുന്നതെങ്കിലും റേഷൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അങ്ങനെയല്ലെന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്. സംസ്ഥാനത്ത് റേഷൻ വിതരണത്തിന് ഉപയോഗിക്കുന്ന ഇ - പോസ് മെഷീനുകൾ ഫലപ്രദമായി പ്രവർത്തിക്കാത്തതിനാൽ പലയിടങ്ങളിലും റേഷൻ വിതരണം മാത്രമല്ല മസ്റ്ററിംഗ് നടപടികളും തടസപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ സർക്കാർ കുറേക്കൂടി ജാഗ്രത പുലർത്തേണ്ട വിഷയമാണിതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല.

2023 മേയ് പത്തിനാണ് കേന്ദ്രം മസ്‌റ്ററിംഗ് നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ ഈ വർഷം ഫെബ്രുവരി അവസാനമാണ് സംസ്ഥാനം അതിനുള്ള നടപടികൾ ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളെല്ലാം മസ്‌റ്ററിംഗ് ഏറെക്കുറെ പൂർത്തിയാക്കി. മാർച്ച് 31നകം മസ്‌റ്ററിംഗ് ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ റേഷൻ വിതരണം തന്നെ മുടങ്ങുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മസ്‌റ്ററിംഗ് മേയ് 31 വരെ നീട്ടാൻ അനുവദിക്കണമെന്ന് കാണിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചത്. പക്ഷേ അതിനു മറുപടി ലഭിച്ചിട്ടുമില്ല.

റേഷൻ വിതരണത്തിന് ഉപയോഗിക്കുന്ന ഇ - പോസ് മെഷീനുകളിൽ അതാത് പ്രദേശത്ത് റെയിഞ്ച് ലഭിക്കുന്ന സിംകാർഡ് ഉപയോഗിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ അത് നടപ്പിലാക്കാൻ ഭക്ഷ്യവകുപ്പിനു കഴിഞ്ഞില്ല. ഓരോ തവണ ഇ - പോസ് തകരാർ ഉണ്ടാകുമ്പോഴും സർവറിന്റെ തകരാർ ആണെന്ന നിഗമനത്തിലാണ് അധികൃതർ എത്തിച്ചേർന്നിരുന്നത്. സംസ്ഥാന ഐ.ടി മിഷന്റെ ഉടമസ്ഥതയിലുള്ള ഓതന്റിക്കേഷൻ യൂസർ ഏജൻസി സർവറിൽ തകരാർ കണ്ടെത്തിയിരുന്നു. എന്നാൽ അടിക്കടി ഉണ്ടാകുന്ന തകരാറുകൾക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമം ഉണ്ടായതുമില്ല. ഇതോടെ മസ്‌റ്ററിംഗ് മഞ്ഞ കാർഡുകൾക്ക് മാത്രമായി ചുരുക്കി. ഇപ്പോൾ മാർച്ച് 31 കഴിഞ്ഞിട്ടും തകരാർ പരിഹരിച്ച് പൂർണ തോതിൽ മസ്‌റ്ററിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. മസ്‌റ്ററിംഗ് നിറുത്തി റേഷൻ വിതരണം മാത്രമായിട്ടും ഇ - പോസും കാര്യക്ഷമമായിട്ടില്ല. 15 ലക്ഷത്തിലധികം പേർ ഒ.ടി.പി വഴിയാണ് റേഷൻ വാങ്ങിയത്. ജനങ്ങൾ റേഷൻകടക്കാരെയാണ് പഴിചാരുന്നത്. സർവർ ശരിയാക്കാൻ എൻ.ഐ.സിയും ഐ.ടി മിഷനും കൂടുതൽ സമയം ആവശ്യപ്പെട്ടുവെന്നാണറിയുന്നത്.

മുമ്പത്തേക്കാൾ റേഷൻകടകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്. നല്ല ഭക്ഷ്യധാന്യങ്ങൾ ലഭിക്കുമെന്നതിനാലാണിത്. വളരെ ഊർജ്ജസ്വലനായി പ്രവർത്തിക്കുന്ന ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രിയാണ് ജി.ആർ. അനിൽ. അദ്ദേഹം ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ പിന്തുണയില്ലാതെ ഒന്നും ചെയ്യാൻ കഴിയുകയില്ല.

റേഷൻ വിതരണം കാര്യക്ഷമമാക്കുകയും മസ്‌റ്ററിംഗ് പൂർത്തിയാക്കുകയും ചെയ്യുന്നതിൽ ഇനി വീഴ്‌ച വരുത്തരുത്. ഇക്കാര്യത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പാലിക്കണം. മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് ഭക്ഷ്യവകുപ്പിനെ സഹായിക്കണം.റേഷനു പുറമെ പഴികേൾക്കാൻ ഭക്ഷ്യവകുപ്പിന് മറ്റു വിഷയങ്ങളുമുണ്ട്. സപ്ളൈകോയിൽ റംസാൻ കാലമായിട്ടും ആവശ്യത്തിനുള്ള ഉത്‌പന്നങ്ങൾ ലഭ്യമല്ലെന്നത് സങ്കടകരമാണ്. വലിയൊരു വിഭാഗം ജനങ്ങൾ നിത്യവും ആശ്രയിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നല്ല നിലയിൽ നടന്നില്ലെങ്കിൽ സ്വകാര്യ കുത്തകകൾക്കാകും അതിന്റെ പ്രയോജനം ലഭിക്കുക. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മൗനം പാലിക്കരുത്. അടിയന്തര ഇടപെടൽ അനിവാര്യമാണ്.

Advertisement
Advertisement