അന്യ സംസ്ഥാനത്തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതികൾ അറസ്റ്റിൽ

Wednesday 03 April 2024 12:23 AM IST

നടവയൽ: ജീപ്പ് വാടക വിളിച്ച് ഓട്ടം പോയ ശേഷം 50 രൂപ വാടക കൂട്ടി ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യത്താൽ ഉത്തർപ്രദേശ് സ്വദേശികളായ സഹോദരൻമാരെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ഇരുളം സ്വദേശികളായ ജീപ്പ്, ടാക്സി ഡ്രൈവർമാരായ കെ.ജി. ഷാജി, ഷൈജേഷ്, കെ.എസ്. അജേഷ്, .ഇ.ജി. ഷിജുമോൻ എന്നിവരെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി 26 വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. തൂത്തിലേരി ശ്രീപോർക്കലി അമ്പലത്തിൽ ഉത്സവകച്ചവടത്തിന് ശേഷം സാധനങ്ങളുമായി ഇരുളത്തുള്ള വാടക ക്വോർട്ടേഴ്സിലേക്ക് പോകുന്നതിനാണ് സഹോദരന്മാർ ജീപ്പ് ഓട്ടം വിളിച്ചത്. 150 രൂപ വാടക പറഞ്ഞുറപ്പിച്ച ശേഷം സ്ഥലത്തെത്തിയപ്പോൾ 200 രൂപ വേണമെന്ന് ജീപ്പ് ഡ്രൈവർ ഷാജി ആവശ്യപ്പെട്ടു. എന്നാൽ കൂടുതലായി പൈസ നൽകാൻ ഇല്ലെന്ന് സഹോദരന്മാർ അറിയിച്ചു. ഇതെ തുടർന്ന് സാധനങ്ങളും സഹോദരന്മാരെയും തിരിച്ച് കയറ്റിയ സ്ഥലത്ത് തന്നെ കൊണ്ടുചെന്നാക്കുമെന്ന് ഡ്രൈവർ ഷാജി ഭീഷണിപ്പെടുത്തി. ഇറക്കിയ സാധനങ്ങൾ തിരികെ ജീപ്പിലേക്ക് കയറ്റി വെക്കുന്നതിനെ സഹോദരന്മാർ എതിർത്തു. ഷാജി, ഫോണിൽ തന്റെ കൂട്ടുകാരായ മറ്റു മൂന്ന് ടാക്സി, ജീപ്പ് ഡ്രൈവർമാരായ ഷിജു, അജീഷ്, ഷൈജേഷ് എന്നിവരെ വിളിച്ചുവരുത്തി. തുടർന്ന് നാല് പ്രതികളും ചേർന്ന് സഹോദരന്മാരെ അതിക്രൂരമർദ്ദനത്തിന് വിധേയമാക്കുകയായിരുന്നു. അടിയേറ്റു നിലത്തുവീണ സഹോദരന്മാരിൽ ഒരാളുടെ വയറ്റിൽ നാലുപേരും ചേർന്ന് ചവിട്ടിയതിനെത്തുടർന്നാണ് അയാളുടെ വയറു പൊട്ടി ആന്തരികാവയവങ്ങൾ പുറത്തുവന്നു. ആളുകൾ ഓടിക്കൂടിയതോടെ പ്രതികൾ അവർ വന്ന ജീപ്പുകളിൽ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഗുരുതരാവസ്ഥയിലുള്ള ആളെ ബത്തേരി എം.ഇ.എസ്. ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയത്. കടുത്ത അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ ആൾ അന്നുമുതൽ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഉപജീവനമാർഗ്ഗം വഴിമുട്ടിയതോടെ ഇരുളത്തും പരിസരത്തുള്ള സുമനസ്സുകളുടെ കാരുണ്യത്തിലാണ് സഹോദരന്മാർ മരുന്നിനും ഭക്ഷണത്തിനും വഴി കണ്ടെത്തുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ കേണിച്ചിറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Advertisement
Advertisement