'ഇന്ത്യ" പേര്: നിലപാട് അറിയിക്കാൻ പ്രതിപക്ഷത്തിന് അന്ത്യശാസനം
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ" എന്നു പേരിട്ടതിനെ ചോദ്യംചെയ്ത പൊതുതാത്പര്യഹർജിയിൽ നിലപാട് വ്യക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസാന അവസരം നൽകി ഡൽഹി ഹൈക്കോടതി. ഒരാഴ്ചയ്‌ക്കകം മറുപടി അറിയിക്കണം. ഹർജിയിൽ ഏപ്രിൽ 10ന് വാദം കേട്ട് അന്തിമതീർപ്പ് കൽപ്പിക്കുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജാണ് ഹർജിക്കാരൻ. തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയും ഇന്ത്യയും തമ്മിലാണ് മത്സരമെന്ന ആശയക്കുഴപ്പം സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. പ്രതിപക്ഷ സഖ്യം 'ഇന്ത്യ" എന്ന പേര് ഉപയോഗിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേകം നിലപാട് അറിയിച്ചിട്ടില്ല. രാഷ്ട്രീയ സഖ്യങ്ങളുടെ കാര്യത്തിൽ തങ്ങൾക്ക് ഒരു അധികാരവുമില്ലെന്ന പൊതു നിലപാടാണ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്.