'വരുണാസ്ത്രത്തിൽ" വീഴുമോ പിലിഭിത്ത്
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ മുഖമാണ് ഉത്തർപ്രദേശിലെ അമേഠിയും റായ്ബറേലിയും. ഗാന്ധികുടുംബത്തിലെ 'വിമത" മുഖമാകട്ടെ യു.പിയിലെ പിലിഭിത്തും. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയും മകൻ വരുണും പലതവണ പിലിഭിത്ത് വാണു. പക്ഷേ കോൺഗ്രസ് ടിക്കറ്റിലായിരുന്നില്ല ആ ജയങ്ങൾ.
2009ലും 2019ലും പിലിഭിത്ത് കീഴടക്കിയ വരുൺ ഗാന്ധിക്ക് പക്ഷേ ഇത്തവണ സീറ്റ് ലഭിച്ചില്ല. അതോടെയാണ് പിലിഭിത്ത് വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിലാണ് ബി.ജെ.പി വരുണിന് ടിക്കറ്റ് നിഷേധിച്ചത്. പകരം കോൺഗ്രസിൽ നിന്നെത്തിയ ജിതൻ പ്രസാദയെ അവിടേക്കിറക്കി. അതേസമയം വരുൺ ഇവിടെ സ്വതന്ത്രനാകുമെന്നും അഭ്യൂഹമുണ്ട്. അങ്ങനയെങ്കിൽ സമാജ്‌വാദി പാർട്ടി പിന്തുണയ്‌ക്കും. പിതാവിന്റെ പാർട്ടിയായ കോൺഗ്രസും വരുണിനെ സ്വാഗതം ചെയ്തിട്ടുണ്ട്. വരുണിന്റെ തുടർ നീക്കങ്ങളെ ശ്രദ്ധിക്കുകയാണ് ബി.ജെ.പിയും പ്രതിപക്ഷവും. അതിനിടെ അമ്മ മേനകയ്‌ക്ക്സിറ്റിംഗ് സീറ്റായ സുൽത്താൻപൂരിൽ ബി.ജെ.പി ടിക്കറ്റ് ലഭിച്ചിട്ടുമുണ്ട്. വരുൺ അമ്മയ്ക്കായി പ്രചരണത്തിനിറങ്ങുമെന്നും കേൾക്കുന്നു.
2004ൽ മേനകയ്ക്കൊപ്പം ബി.ജെ.പിയിലെത്തിയ വരുൺ 2009ലാണ് പിലിഭിത്തിൽ ആദ്യം സ്ഥാനാർത്ഥിയാക്കിയത്. 4,19,539 വോട്ട് നേടിയ വരുൺ, മനേക ഗാന്ധി (സുൽത്താൻപൂർ), സോണിയാ ഗാന്ധി (റായ്ബറേലി), രാഹുൽ ഗാന്ധി (അമേഠി) എന്നീ ഗാന്ധി കുടുംബാംഗങ്ങളെക്കാൾ മികച്ച വിജയം നേടി. ഭൂരിപക്ഷം 281,50. കോൺഗ്രസിന്റെ വി.എം. സിംഗിനടക്കം സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ചകാശുപോലും കിട്ടിയില്ല. ആ ടേമിൽ എം.പി ഫണ്ട് മുഴുവൻ നിശ്ചിത സമയത്തിന് മുമ്പ് ചെലവഴിച്ച രാജ്യത്തെ ഏക എംപിയുമായിരുന്നു വരുൺ. 2014ൽ മനേക പിലിഭിത്തിലും വരുൺ സുൽത്താൻപൂരിലും ജയിച്ചു. 2019ൽ തിരിച്ചെത്തിയ വരുൺ 250,000 വോട്ടിന് വീണ്ടും പിലിഭിത്ത് പിടിച്ചു.
മേനകയുടെ ആദ്യ വിജയം 1989ൽ
1989ൽ ജനതാദൾ ബാനറിലാണ് മനേക ഗാന്ധി പിലിഭിത്തിൽ ആദ്യം ജയിച്ചത്. 1991ൽ ബി.ജെ.പിയുടെ പരശുറാം ഗാംഗ്‌വാറിനോട് തോറ്റെങ്കിലും 1996ൽ തിരിച്ചു വന്നു. 1996, 1998, 1999 തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രയായി ജയിച്ചു. 2004ൽ ബി.ജെ.പിയിൽ ചേർന്ന ശേഷവും മണ്ഡലം നിലനിറുത്തി. 2009ൽ മകനുവേണ്ടി മാറി. കോൺഗ്രസ്, പ്രജാസോഷ്യലിസ്റ്റ് പാർട്ടി, ജനതാപാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിച്ചിട്ടുള്ള പിലിഭിത്ത് 2004ന് ശേഷം ബി.ജെ.പിക്കൊപ്പമാണ്. ജിതൻ പ്രസാദയിലൂടെ അതു തുടരാമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുമ്പോൾ വരുണിന്റെ നിലപാടും പ്രസക്തമാകും. ഭഗവത് സരൺ ഗാംഗ്‌വാറാണ് എസ്.പി സ്ഥാനാർത്ഥി.
2019ലെ ഫലം
വരുൺ ഗാന്ധി (ബി.ജെ.പി): 7,04,549(59.38%)
ഹേമരാജ് വർമ്മ(സമാജ്‌വാദി): 4,48,922(37.83%)