മലയിൻകീഴ് ഗവ.ഐ.ടി.ഐ വിദ്യാർത്ഥിയുടെ ചെവി കടിച്ച് പറിച്ചു

Wednesday 03 April 2024 2:53 AM IST

മലയിൻകീഴ്: സുഹൃത്തിനോടൊപ്പം ബൈക്കിന് പുറകിലിരുന്ന് പോകവേ മലയിൻകീഴ് ഗവ.ഐ.ടി.ഐ വിദ്യാർത്ഥി കാട്ടാക്കട അരുമാളൂർ ജയാ ഭവനിൽ ജയകൃഷ്ണനെ (20) ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മർദ്ദിച്ച് വലതുചെവി കടിച്ച് പറിച്ചു.തിങ്കളാഴ്ച വൈകിട്ട് 5ഓടെ അണപ്പാട് - കുഴയ്ക്കാട് ബണ്ട് റോഡിലായിരുന്നു ആക്രമണം.സംഭവത്തിൽ മലയിൻകീഴ് പൊലീസ് പാലോട്ടുവിള സ്വദേശി സുധീഷ്,മഹേഷ്,സജിത്,അനന്തകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ജയകൃഷ്ണൻ ബൈക്കിൽ പോകുമ്പോൾ ആരെയോ നോക്കിയതിലുള്ള പന്തികേടാണത്രേ ആക്രമണത്തിന് കാരണം.അഞ്ചംഗ സംഘം സ്കൂട്ടർ തടഞ്ഞ് നിറുത്തിയശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ജയകൃഷ്ണൻ മലയിൻകീഴ് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.ഇവരുടെ സ്കൂട്ടറും അക്രമികൾ അടിച്ച് തകർത്തു.ചെവി മുറിഞ്ഞ് താഴെ വീഴാവുന്ന അവസ്ഥയിൽ അക്രമിസംഘത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട ജയകൃഷ്ണനും കൂട്ടുകാരും മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും നെയ്യാറ്റിൻകര ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ചെവി തുന്നികെട്ടാൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.